കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു; 8 ജില്ലകളിൽ അവധി

0

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമർദമായി മാറും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 8 പേർ മരിച്ചു. ഒരാളെ കാണാതായി. ശക്തമായ മഴയിൽ കാഞ്ഞിരപ്പുഴ അണക്കെട്ട് ഉൾപ്പെടെ തുറന്നതോടെ ഭാരതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇന്നലെ വൈകിട്ട് 6ന് 6.78 മീറ്ററാണു പുഴയിലെ ജലനിരപ്പ്. കഴിഞ്ഞ 3 വർഷത്തിനിടെ ആദ്യമായാണ് നിളയിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത്. ഇന്നലെ ഓരോ മണിക്കൂറിലും 10 സെന്റിമീറ്ററോളം വീതമാണു ജലനിരപ്പു കൂടിയത്. കൊയിലാണ്ടി കൊല്ലം കുന്ന്യോറ മലയിൽ പണി നടക്കുന്ന ബൈപ്പാസിനു കിഴക്കുവശം വീണ്ടും മണ്ണിടിച്ചിൽ . വൈകിട്ട് നാലോടു കൂടിയാണ് വലിയ തോതിലുള്ള മണ്ണ് ഇടിഞ്ഞ് ബൈപ്പാസ് റോഡിലേക്ക് വീണത്. ഈ സമയത്ത് ബൈപ്പാസിന്റെ എതിർവശത്ത് പണിയെടുത്തിരുന്ന നിരവധി തൊഴിലാളികൾ തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഇടുക്കി ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുകയും ശക്തമായ കാറ്റും മണ്ണിടിച്ചിലും മൂലമുള്ള ഗതാഗത തടസം മുതലായ സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നതിനാലാണ് അവധി. അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ‌മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല. മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *