കാട്ടാനക്കുട്ടിയുടെ പരിക്കേറ്റ്: പന്നിപ്പടക്കം കണ്ടെത്താന്‍ വനം വകുപ്പ്

0

കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരി മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടി സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം. കൃഷിയിടങ്ങളില്‍ പന്നിപ്പടക്കം വയ്ക്കുന്നതുള്‍പ്പെടെ നിരോധിത സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം കണ്ടെത്താനാണ് പൊലീസും വനം വകുപ്പും നടപടി ആരംഭിച്ചത്. കാടിറങ്ങുന്ന വന്യജീവികള്‍ കെണികളില്‍ കുടുങ്ങുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ കുട്ടിയാന ചരിഞ്ഞ സംഭവം കണ്ണൂര്‍ ഡിഎഫ്ഒ വൈശാഖിന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ സംഘമാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി വനം വകുപ്പ് – പൊലീസ് സേനകളുടെ ആന്റി ബോംബ് സ്‌ക്വാഡുകള്‍ പന്നിപ്പടക്കം ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തുകയും ചെയ്തു. അറളം ഫാം ബ്‌ളോക്കിലെ ഒന്ന്, മൂന്ന്, ആറ് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു വ്യാപക പരിശോധന.

ബുധനാഴ്ചയാണ് കരിക്കോട്ടക്കരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ മൂന്ന് വയസുള്ള കുട്ടിയാന ചരിഞ്ഞത്. പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഉണ്ടായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഉഗ്രസ്‌ഫോടനത്തില്‍ കാട്ടാനക്കുട്ടിയുടെ കീഴ്ത്താടി അറ്റുപോവുകയും നാവിന്റെ ഒരു ഭാഗം ചിന്നി ചിതറുകയും ചെയ്തിരുന്നു. കുട്ടിയാനയുടെ മസ്തിഷ്‌ക്കത്തിനും മാരകമായി പരുക്കേറ്റു. തൊണ്ടയില്‍ പുഴുവരിച്ച നിലയിലായിരുന്നു. കാലിനും മാരകമായി മുറിവേറ്റിരുന്നു. രക്തത്തിലെ അണുബാധയും അരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായി.  വനമേഖലയില്‍ നിന്നും 12 കിലോ മീറ്ററോളം നാട്ടിലേക്കിറങ്ങുകയും അസ്വസ്ഥനായി ഓടി നടക്കുകയും ചെയ്ത ആനക്കുട്ടിയെ മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നല്‍കാനായിരുന്നു പദ്ധതി.

ഇതിനായി വയനാട്ടില്‍ നിന്നും വെറ്ററനറി സംഘവും കരിക്കോട്ടക്കരിയില്‍ എത്തിയിരുന്നു. ആദ്യ ഘട്ടമായി മയക്കുവെടി വച്ചപ്പോള്‍ തന്നെ ആനകുട്ടി അവശനായിരുന്നു. പിന്നീട് വാഹനത്തില്‍ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയും വൈകാതെ ചരിയുകയുമായിരുന്നു. രണ്ടു മാസം മുന്‍പ് കൃഷിയിടത്തിലെ കേബിള്‍ കെണിയില്‍ കുരുങ്ങിയ കടുവയും മയക്കുവെടി വെച്ചതിനു ശേഷം ചത്തിരുന്നു. ആറളം വനമേഖലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വന്യജീവികളും തുടര്‍ച്ചയായി കൊല്ലപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *