ഒരുമിച്ചു സ്കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; അസമിൽ 3 ദിവസമായി മകനെ തിരഞ്ഞ് ഒരു പിതാവ്.

0

ഗുവാഹത്തി:  പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിവസമായി തിരഞ്ഞ് ഒരു പിതാവ്. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയാൻ ഹീരാലാലിന്റെ പക്കലുള്ളത് ഒരു ഇരുമ്പുദണ്ഡ് മാത്രം. പകൽ മുഴുവൻ തിരഞ്ഞ് രാത്രി കടവരാന്തയിലിരുന്ന് നേരം വെളുപ്പിക്കുകയാണ് അദ്ദേഹം.

ഹീരാലാലും മകൻ അഭിനാഷും വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്കൂട്ടറിൽ തിരിച്ചുപോകുമ്പോഴാണ് കനത്ത മഴയ്ക്കിടെ വെള്ളംനിറഞ്ഞു കവിഞ്ഞൊഴുകുന്ന ഓടയിലേക്ക് അഭിനാഷ് വീണത്. മകന്റെ കൈ ഉയർന്നു നിൽക്കുന്നതു കണ്ട് ഹീരാലാൽ ഓടയിലേക്ക് എടുത്തുചാടിയെങ്കിലും എത്തിപ്പിടിക്കാനായില്ല. മൂന്നു ദിവസത്തെ തിരച്ചിലിനിടെ അഭിനാഷിന്റെ ഒരു ചെരിപ്പ് മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

‘‘ഈ ഇരുമ്പുദണ്ഡ് കൊണ്ട് ഞാനെന്റെ മകന്റെ ചെരിപ്പ് കണ്ടെത്തി. പക്ഷേ ഇതുകൊണ്ട് അവനെ കണ്ടെത്താനാവില്ല. സർക്കാരിന്റെ പക്കൽ അതിനുള്ള സംവിധാനങ്ങളുണ്ട്. അവർ എന്റെ മകനെ കണ്ടെത്തി നൽകണം’ – ഹീരാലാൽ ആവശ്യപ്പെടുന്നു. ഇതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ശർമയെ ഹീരാലാലും ഭാര്യയും കണ്ടിരുന്നു. അഭിനാഷിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് നായ്ക്കളെയും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്. മൂന്നു ദിവസത്തിനുശേഷവും മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഹീരാലാൽ. മഴക്കെടുതിയിൽ 58 പേരാണ് അസമിൽ ഈ വർഷം മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *