പുഴയിൽ ചാടിയ കാപ്പ കേസ് പ്രതിക്കായി തെരച്ചിൽ തുടരുന്നു

കണ്ണൂര്‍ : കേരള- കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയില്‍ പുഴയില്‍ ചാടിയ കാപ്പ കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിക്കായി ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കി.
ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊതുവാച്ചേരി സ്വദേശി റഹീമാണ്( 30 ) പുഴയില്‍ ചാടിയത്. റഹീമിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി നിതിന്‍ എന്നീ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിലാണ്.
വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും ഇന്നോവ ക്രിസ്റ്റ വാഹനത്തില്‍ കേരളത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പൊലീസ് പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. വാഹനം നിര്‍ത്തി വെളിയിലിറങ്ങിയ റഹീം ചെക്‌പോസ്റ്റിന് സമീപമുള്ള ഊടു വഴിയിലൂടെ പുഴയിലേക്ക് ഓടി വെള്ളത്തില്‍ ചാടുകയായിരുന്നു. പുഴയിലെ വള്ളിയില്‍ പിടിച്ച് അല്‍പനേരം നിന്നുവെങ്കിലും പിടി വിട്ടുപോവുകയായിരുന്നു.
കുത്തൊഴുക്കുള്ള പുഴയില്‍ വീണ റഹീമിനെ 100 മീറ്റര്‍ താഴെയുള്ള കച്ചേരി കടവ് പാലത്തിന് സമീപം വരെ പ്രദേശവാസികള്‍ കണ്ടിരുന്നു. പുഴയില്‍ മീന്‍ പിടിച്ചിരുന്നവർ റഹീമിന്റെ സഹായഭ്യര്‍ത്ഥന കേട്ട് എത്തുമ്പോഴേക്കും പാലത്തിന് താഴേക്ക് ഒഴുകി പോയിരുന്നു. ബാരാപോള്‍ പേരട്ട പുഴകള്‍ സംഗമിക്കുന്ന കൂട്ടുപുഴയില്‍ ശക്തമായ അടിയൊഴുക്കും കയങ്ങളും നിറഞ്ഞ പ്രദേശമാണ്. സാധാരണയായി പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ പ്രദേശവാസികള്‍ പോലും പുഴയില്‍ ഇറങ്ങാറില്ല.
റഹീം പൊലിസിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ഇരിട്ടി ഡിവൈഎസ്പി ധനജയ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വാഹനം ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് നിയമവിരുദ്ധമായി ഒന്നും കണ്ടെടുത്തിട്ടില്ല.
കാണാതായ റഹീമിന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് വിവരം. കണ്ണൂരില്‍ പോലീസ് ആക്രമണ കേസ് ഉള്‍പ്പെടെ നിരവധി എന്‍ഡിപിഎസ് കേസിലെ പ്രതിയാണ്. ഹാരിസിന്റെ പേരില്‍ കളവുകേസും കഞ്ചാവ് കൈവശം വെച്ചതിനും കേസ് നിലവിലുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായത്തോടെയാണ് പ്രതി പുഴയില്‍ ചാടിയത്.
ഇരിട്ടി ഫയര്‍ഫോഴ്‌സും ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ പ്രതികളെ ചോദ്യം ചെയ്തു. ഇരിട്ടി ഫയര്‍ ഫോഴ്‌സാണ് പുഴയില്‍ കാണാതായ റഹീമിനായി തെരച്ചില്‍ നടത്തിവരുന്നത്. നേരത്തെ ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തന്നടയിലെ ഒളിവു സങ്കേതത്തില്‍ ചക്കരക്കല്‍ പൊലിസ് പിടികൂടാന്‍ പോയപ്പോള്‍ മയക്കുമരുന്ന് റെയ്ഡിനാണെന്ന് കരുതി റഹീമിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം മണിക്കൂറുകളോളം അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.