അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിനം; പുഴയിൽ അടിയൊഴുക്ക് ശക്തം

0

ഷിരൂർ : മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങൾ ഇന്നു തുടരും. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ തിരച്ചിൽ വിഫലമായി. ഇന്നും അടിയൊഴുക്ക് ശക്തമാണ്. അർജുന്റെ ലോറിയുടെ സ്ഥാനം ഏറെക്കുറെ കൃത്യമായി തിരിച്ചറിഞ്ഞു. ഒഴുക്ക് ശക്തമായതിനാൽ വലിയ ചങ്ങാടങ്ങൾ പുഴയ്ക്കു മധ്യത്തിൽ സ്ഥാപിച്ചശേഷം തിരച്ചിൽ നടത്താനാണ് ആലോചന. സൈന്യത്തിന്റെ കൂടുതൽ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. കൂടുതൽ സംവിധാനങ്ങൾ ഇന്നെത്തിക്കും. ലോറിയിൽ മനുഷ്യസാന്നിധ്യം നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്കാനിങ്ങിലും കഴിഞ്ഞില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്.

അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കുന്നിടിഞ്ഞു ദേശീയപാതയിലേക്കു വീണ 20,000 ടൺ മണ്ണ് ഇതുവരെ നീക്കി. ദൗത്യം തുടരണമെന്ന കേരളത്തിന്റെ ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകുംവരെ ഇവിടെ തുടരാൻ കാർവാർ എംഎൽഎയോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിട്ടുണ്ട്. കൊച്ചി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *