കേരള-തമിഴ്നാട് തീരങ്ങളിൽ ജാഗ്രത; കള്ളക്കടലിന്റെ ഭാഗമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

0

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. അതിന്‍റെ വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദേശം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ടെന്ന് ഉറപ്പ് വരുത്തണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കൊടുംചൂടിന് ആശ്വാസമായി, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടു മുതൽ അടുത്ത അഞ്ചു ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത. എന്നാൽ അടുത്ത ആഴ്ച തെക്കൻ,മധ്യ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *