മുരളി ഗോപിയുടെ തിരക്കഥയില്‍ മറ്റൊരു സിനിമ കൂടി ചിത്രീകരണം ആരംഭിക്കുന്നു

0

മലയാളത്തിലെ സമകാലിക തിരക്കഥാകൃത്തുക്കളില്‍ ഏറെ ശ്രദ്ധ നേടിയ ആളാണ് മുരളി ഗോപി. ശ്രദ്ധേയ ചിത്രങ്ങള്‍ പലതിന്‍റെയും രചന നിര്‍വ്വഹിച്ച മുരളിയുടെ തിരക്കഥയില്‍ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍ ആയിരുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ് നിലവില്‍. ഇപ്പോഴിതാ എമ്പുരാന്‍ പൂര്‍ത്തിയാവുംമുന്‍പേ മുരളി ഗോപിയുടെ തിരക്കഥയില്‍ മറ്റൊരു സിനിമ കൂടി ചിത്രീകരണം ആരംഭിക്കുകയാണ്. 2017 ല്‍ പുറത്തെത്തിയ ടിയാന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജീയെന്‍ കൃഷ്ണകുമാര്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. ആര്യയാണ് നായകന്‍. തമിഴ്നാട് രാമനാഥപുരത്തെ ഉതിരകോസമങ്കൈ ക്ഷേത്രത്തില്‍ നടന്ന പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.

എസ് വിനോദ് കുമാര്‍ ആണ് നിര്‍മ്മാണം. മുരളി ഗോപിയും ജീയെന്‍ കൃഷ്ണകുമാറും പുതിയ തുടക്കത്തിന്‍റെ സന്തോഷം ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ജീയെന്‍ കൃഷ്ണകുമാറിന്‍റെ ടിയാന്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥയും മുരളി ഗോപിയുടേത് ആയിരുന്നു. 2010 ല്‍ പുറത്തെത്തിയ കോളെജ് ഡെയ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജീയെന്‍ കൃഷ്ണകുമാര്‍. ടിയാന്‍ കൂടാതെ കാഞ്ചി എന്ന ചിത്രവും മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുണ്ട്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തമിഴിലും അരങ്ങേറ്റം കുറിച്ചു.

പരമഗുരു എന്ന മറ്റൊരു ചിത്രവും തമിഴില്‍ അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതേസമയം പുതിയ ചിത്രത്തെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസണ്‍ എന്ന മറ്റൊരു ചിത്രവും മുരളി ഗോപിയുടെ തിരക്കഥയില്‍ വരാനുണ്ട്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *