പറവൂര്‍ ഗവ. സ്‌കൂളിന് വി എസ് അച്യുതാനന്ദന്റെ പേര് നല്‍കണം; ജി സുധാകരന്‍

ആലപ്പുഴ: പറവൂര്‍ ഗവ. സ്‌കൂളിന് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനൻറെ പേര് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വി എസ് പഠിച്ച ആലപ്പുഴ പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നാണ് ജി സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് ജി സുധാകരന്‍ കത്തയച്ചു.
വി എസ് പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് മതിപ്പുളവാക്കുന്ന നടപടിയായിരിക്കുമെന്ന് ജി സുധാകരന്‍ പറയുന്നു. വി എസിന്റെ ഭവനത്തിന് തൊട്ടടുത്താണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. റോഡിന് തെക്കും വടക്കുമായാണ് ഹൈസ്‌കൂള്‍ വിഭാഗവും ഹയര്‍സെക്കന്‍ഡറി വിഭാഗവും സ്ഥിതി ചെയ്യുന്നത്. രണ്ടിനും വി എസിന്റെ പേര് നല്‍കുന്നത് നന്നായിരിക്കുമെന്നും ഉത്തരവ് വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.