സ്കൂൾ കലോത്സവം : പ്രധാനവേദിയുടെ പുതിയ പേര് ‘എം.ടി – നിള’
സ്കൂൾ കലോത്സവം : പ്രധാനവേദിയുടെ പുതിയ പേര് ‘എം.ടി – നിള’
തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേരിൽ മാറ്റം. എംടി – നിള എന്നാണ് പുതിയ പേര്. ഭാരതപ്പുഴ എന്നായിരുന്നു വേദിക്ക് ആദ്യം നൽകിയിരുന്ന പേര്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റം.
‘അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന, മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന, എന്റെ നിളാനദിയാണെനിക്കിഷ്ടം’ എന്ന എംടിയുടെ പ്രശസ്തമായ ഉദ്ധരണി വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആലേഖനം ചെയ്യാനും തീരുമാനിച്ചു. 63ാം കേരള സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ തിരുവനന്തപുരമാണ് വേദി. ആകെ 249 ഇനങ്ങളിലാണ് മത്സരം നടക്കുക. കലോത്സവ ചരിത്രത്തില്‍ ആദ്യമായി 5 ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും.