സ്‌കൂള്‍ ഫീസ് വർദ്ധനവ് : രക്ഷിതാക്കള്‍ക്ക് വീറ്റോ അധികാരം നൽകുന്ന നിര്‍ണായക നിയമം പാസാക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡൽഹി: ഫീസ് വർധനവ് സംബന്ധിച്ച തീരുമാനങ്ങളിൽ രക്ഷിതാക്കൾക്ക് വീറ്റോ അധികാരം നൽകുന്ന ‘സ്‌കൂൾ ഫീസ് നിയന്ത്രണ ബിൽ 2025’ ഡൽഹി നിയമസഭ പാസാക്കി. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് ഡൽഹി നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താല്‍പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഡൽഹിയിലെ എല്ലാ സ്വകാര്യ അൺഎയ്‌ഡഡ് അംഗീകൃത സ്‌കൂളുകൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇനി മുതൽ സ്‌കൂൾ മാനേജ്‌മെൻ്റുകൾക്ക് ഏകപക്ഷീയമായി ഫീസ് വർധനവ് ഏർപ്പെടുത്താൻ കഴിയില്ല. ഫീസ് വർധിപ്പിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി എടുക്കും. ഏതെങ്കിലും രക്ഷിതാക്കൾ എതിർത്താൽ ഫീസ് വർധനവിനുള്ള നിർദേശം അംഗീകരിക്കില്ല. അവർക്ക് വീറ്റോ അധികാരം ഉണ്ട്. മാനേജ്മെൻ്റിനോ സ്‌കൂൾ അധികൃതർക്കോ തീരുമാനം അടിച്ചേൽപ്പിക്കാൻ കഴിയില്ല. തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സ്‌കൂൾ മേധാവിക്കും അധികാരികൾക്കുമൊപ്പം അഞ്ച് രക്ഷിതാക്കൾ വേണം “ – മന്ത്രി ആശിഷ് സൂദ് പറഞ്ഞു.
2025 ലെ ഡൽഹി സ്‌കൂൾ വിദ്യാഭ്യാസ ട്രാൻസ്‌പരൻസി ഇൻ ഫിക്സേഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഫീസ് ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ. സ്ഥിരമായി നിയമം ലംഘിക്കുന്നവർക്കെതിരെയും സ്‌കൂൾ മാനേജ്മെൻ്റിനെതിരെയും കർശന നടപടിയെടുക്കും.
- അനിയന്ത്രിതമായി ഫീസ് കൂട്ടിയാൽ: ഏന്തെങ്കില്ലും സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കുകയും ഭാവിയിൽ ഫീസ് വർധനവ് നിർദേശിക്കാനുള്ള അധികാരം നഷ്‌ടമാവുകയും ചെയ്യും.
- റീഫണ്ട്: ഒരു സ്‌കൂൾ അനുവദനീയമായ ഫീസിനേക്കാൾ കൂടുതൽ ഈടാക്കിയാൽ, 20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അധിക തുക തിരികെ നൽകണം.
- പിഴ: അനിയന്ത്രിതമായി ഫീസ് കൂട്ടിയാലോ, റീഫണ്ട് നൽകുന്നതിൽ തടസം വന്നാലോ പിഴ ഈടാക്കും. ഓരോ 20 ദിവസത്തെ കാലാതാമസത്തിന് അനുസരിച്ചായിരിക്കും ഇരട്ടിയാവുക. ഉദാഹരണത്തിന് റീഫണ്ട് ആദ്യ 20 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ പിഴ ഇരട്ടിയാകും. 40 ദിവസത്തിനുശേഷം മൂന്നിരട്ടിയാകും.
വിദ്യാഭ്യാസ ഡയറക്‌ടർ നേതൃത്വം നൽകുന്ന റിവിഷൻ കമ്മിറ്റിയിൽ ഒരു പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധൻ, ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ്, കൺട്രോളർ ഓഫ് അക്കൗണ്ട്സ്, സ്‌കൂൾ പ്രതിനിധികൾ, രക്ഷിതാക്കൾ, മുൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടും. സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും ഓരോ കമ്മിറ്റിയും ഒരു റിവിഷൻ കമ്മിറ്റിയും ഉൾപ്പെടെ മൂന്ന് കമ്മിറ്റികളാണ് രൂപീകരിക്കുക.ബിൽ പ്രകാരം എല്ലാ അധ്യയന വർഷവും ജൂലൈ 15-നകം സ്‌കൂൾ ലെവൽ ഫീസ് റെഗുലേഷൻ കമ്മിറ്റി രൂപീകരിക്കണം. സ്‌കൂൾ ലെവൽ കമ്മിറ്റിയുടെ അധ്യക്ഷൻ മാനേജ്മെൻ്റ് പ്രതിനിധിയായിരിക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കുമെന്നും ബിൽ വ്യക്തമാക്കുന്നു. മൂന്ന് അധ്യാപകരെയും അഞ്ച് രക്ഷിതാക്കളെയും നറുക്കിട്ട് തീരുമാനിക്കും.കമ്മിറ്റി അംഗങ്ങളുടെ പട്ടിക രൂപീകരിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രദർശിപ്പിക്കണം. കൂടാതെ കമ്മിറ്റി ഓഗസ്‌റ്റ് 15 ന് മുമ്പ് ആദ്യ പൊതുയോഗം നടത്തണം. മാതാപിതാക്കൾക്ക് തുടർച്ചയായി രണ്ട് വർഷത്തിൽ കൂടുതൽ കമ്മിറ്റിയിൽ സേവനമനുഷ്‌ഠിക്കാൻ സാധിക്കില്ല.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ പുനർനാമകരണത്തിന് അർഹതയുള്ളൂ. ഫീസ് തർക്കങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകൾ ആദ്യം ജില്ലാ കമ്മിറ്റിക്ക് സമർപ്പിക്കണം. പരിഹാരമായില്ലെങ്കിൽ, വിഷയം റിവിഷൻ കമ്മിറ്റിക്ക് കൈമാറാം. ബില്ലിൽ പറഞ്ഞിരിക്കുന്നതുപോലെ, അവരുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സ്വകാര്യ സ്‌കൂളുകളെ അശ്രയിക്കുന്ന മാതാപിതാക്കള്‍ നേരിടുന്ന കനത്ത വെല്ലുവിളി ഇടയ്‌ക്കിടെ ഉയരുന്ന ഫീസാണ്. പല സ്‌കൂളുകളും കഴുത്തറുപ്പന്മാരാണെന്ന ആക്ഷേപവും രക്ഷിതാക്കള്‍ ഉയര്‍ത്താറുണ്ട്. ഫീസ് വർധനവ് അടക്കമുള്ള എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സ്‌കൂൾ മാനേജ്‌മെൻ്റാണ്.സ്‌റ്റാറ്റസ് പോകുമെന്നോ അല്ലെങ്കില്‍ പ്രതികാര നടപടികള്‍ ഉള്‍പ്പെടെയുള്ളവ ഭയപ്പെട്ടും മാതാപിതാക്കളില്‍ പലരും ഇതിനെ എതിര്‍ക്കാറില്ല. ഇതിനാണ് ഡൽഹിയിൽ ഇപ്പോൾ പരിഹാരമായിരിക്കുന്നത് . മാതാപിതാക്കളുടെ അനുമതിയില്ലാതെ സ്വകാര്യ അൺഎയ്‌ഡഡ് സ്‌കൂളുകളിൽ ഫീസ് കൂട്ടാൻ ഇനി സാധിക്കില്ല.