വടക്കൻ ഗാസയിലെ സ്കൂൾ കെട്ടിടത്തിൽ ഇസ്രയേൽ ആക്രമണം; 45 പേർ കൊല്ലപ്പെട്ടു
ജറുസലം∙ വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ ആറു കെട്ടിടങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ബോംബ് വർഷിച്ചത്. ഗാസ നഗരത്തിലെ സാലഹ് അൽ ദിൻ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു പലസ്തീൻ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഹമാസ് ക്യാംപിനു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ഗാസയിലെ ഭൂരിഭാഗം സ്കൂളുകളും നിലവിൽ അഭയാർഥി ക്യാംപുകളാണ്.
ഇവ ഹമാസ് കേന്ദ്രങ്ങളാണെന്ന് പറഞ്ഞാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. ആകെയുള്ള 564 സ്കൂളുകളിൽ 477 സ്കൂളുകളും ഇസ്രയേൽ ആക്രമണത്തിൽ പൂർണമായോ ഭാഗികമായോ തകർന്നു. ആകെയുള്ള 12 സർവകലാശാലകളിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. വെള്ളിയാഴ്ച വടക്കൻ ഗാസയിലെ കമൽ അദ്‌വൻ ആശുപത്രിയിലും ഇസ്രയേൽ ആക്രമണം നടത്തിയതായി ഗാസ മന്ത്രാലയം അറിയിച്ചു. ആശുപത്രി ജീവനക്കാരെയും രോഗികളെയും ഇസ്രയേൽ ബന്ദികളാക്കി.
70 ജീവനക്കാരിൽ 44 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ ആശുപത്രി ഡയറക്ടറടക്കം 14 പേരെ പിന്നീട് വിട്ടയച്ചു. ആവശ്യമായ ജീവനക്കാരും മരുന്നുകളും ഇല്ലാത്തതിനാൽ ആശുപത്രിയുടെ ഉള്ളിൽ അവശേഷിക്കുന്ന രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ല മിസൈലാക്രമണം നടത്തി. ഗാസയിൽ, 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ 2,847 പേർ കൊല്ലപ്പെടുകയും 100,544 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ 1139 പേർ കൊല്ലപ്പെടുകയും 200ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.