തെലങ്കാനയിൽ പട്ടികജാതി വർഗ്ഗീകരണം ഇന്നുമുതൽ, അംബേദ്കർ ജയന്തി സാർത്ഥകമാക്കി സർക്കാർ

ഹൈദരാബാദ് : ബിആർ അംബേദ്കറുടെ 135-ാം ജന്മവാർഷികം ചരിത്ര സംഭവമാക്കി തെലങ്കാന. പട്ടികജാതി വർഗ്ഗീകരണം നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറി.
പട്ടികജാതി വർഗ്ഗീകരണത്തിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷമീം അക്തറിന്‍റെ നേതൃത്വത്തിൽ ഒരു കമ്മിഷനെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപങ്ങളിലും 15 ശതമാനം സംവരണത്തിനായി 59 പട്ടികജാതി (എസ്‌സി) വിഭാഗങ്ങളെ I, II, III എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി വിഭജിക്കാനായിരുന്നു നിർദേശം.
തെലങ്കാന നിയമസഭ പാസാക്കിയ നിയമത്തിന് ഏപ്രിൽ 8 ന് ഗവർണറും അനുമതി നൽകിയിരുന്നു. ഏപ്രിൽ 14 ന് തെലങ്കാന ഗസറ്റിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇടത്തരം ആനുകൂല്യം ലഭിക്കുന്ന 18 പട്ടികജാതി സമുദായങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ്-II വിഭാഗത്തിന് ഒമ്പത് ശതമാനം സംവരണം നൽകുന്നു, അതേസമയം ഗണ്യമായ ആനുകൂല്യം ലഭിക്കുന്ന 26 പട്ടികജാതി സമുദായങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ്-III വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നൽകുന്നു.
പട്ടികജാതി വർഗ്ഗീകരണം സംബന്ധിച്ച ഉപസമിതിയുടെ അധ്യക്ഷനായ ജലസേചന മന്ത്രി എൻ ഉത്തം കുമാർ റെഡ്ഡി, ജിഒയുടെ ആദ്യ പകർപ്പ് ഇന്ന് രാവിലെ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് നൽകിയതായി പറഞ്ഞു. “ഇന്ന് മുതൽ, ഈ നിമിഷം മുതൽ, തെലങ്കാനയിൽ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പട്ടികജാതി വിഭാഗീകരണം നടപ്പിലാക്കും. അതിനായി ഞങ്ങൾ ഒരു ജിഒ പുറത്തിറക്കി, ആദ്യ പകർപ്പ് മുഖ്യമന്ത്രിക്ക് നൽകി,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“സുപ്രീം കോടതി വിധികൾക്ക് ശേഷം പട്ടികജാതി വിഭാഗീകരണം നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനമാണ് തെലങ്കാന,” ഉത്തം കുമാർ റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ മുൻ സർക്കാരുകൾ വർഗ്ഗീകരണത്തിനുള്ള പ്രമേയങ്ങൾ പാസാക്കുന്നതിൽ മാത്രം ഒതുങ്ങിനിന്നുവെന്നും അത് ഒരിക്കലും മുന്നോട്ട് കൊണ്ടുപോയില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിലെ എല്ലാ ജോലി ഒഴിവുകളും ഇനി പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഉപവിഭാഗീകരണം അനുസരിച്ച് നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2026 ലെ സെൻസസിൽ പട്ടികജാതി ജനസംഖ്യ വർധിച്ചാൽ, അതനുസരിച്ച് അതിനുള്ള സംവരണം വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ തെലങ്കാന നിയമസഭ എസ്‌സി വർഗ്ഗീകരണം സംബന്ധിച്ച ജസ്റ്റിസ് അക്തറിന്‍റെ ശുപാർശകൾ അംഗീകരിച്ചു. എന്നാൽ ക്രീമി ലെയറിനെ സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഉപദേശം നിരസിക്കുകയായിരുന്നു. 2025 ലെ പട്ടികജാതി ബിൽ കഴിഞ്ഞ മാസം നിയമസഭ പാസാക്കി. വർഗ്ഗീകരണത്തിന് അനുകൂലമായി സുപ്രീം കോടതി കഴിഞ്ഞ വർഷം ഒരു വിധി പുറപ്പെടുവിച്ചു.