UP കോടതിയുടെ ‘ലവ് ജിഹാദ്’ പരാമര്‍ശങ്ങള്‍ റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

0

ന്യുഡൽഹി :ഉത്തര്‍പ്രദേശിലെ ബെറെയ്‌ലി കോടതിയുടെ ‘ലവ് ജിഹാദ്’ നിരീക്ഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ലവ് ജിഹാദ് പരാമര്‍ശമുള്ള കേസിലെ വിധിയില്‍ മുസ്ലീം സമുദായത്തിനെതിരെ വിവാദങ്ങള്‍ സൃഷ്‌ടിക്കാനാണ് ഹർജിക്കാരന്‍ നീക്കം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത്തരം നീക്കങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

 

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ ഇത്രമാത്രം ആശങ്കപ്പെടാന്‍ നിങ്ങള്‍ ആരാണെന്ന് ഹര്‍ജിക്കാരനായ അനസിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആരാഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ കീഴ്‌ക്കോടതി കണ്ടെത്തിയ കാര്യങ്ങള്‍, ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ പരമോന്നത കോടതിക്ക് റദ്ദാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജിക്കാരന്‍റെ വാദങ്ങള്‍ കേട്ടശേഷം പരാതി സ്വയം പിന്‍വലിക്കുമോ അതോ കോടതി റദ്ദാക്കണമോ എന്നും ബെഞ്ച് ആരാഞ്ഞു. പിന്നീട് ഹര്‍ജി പിന്‍വലിക്കുന്നതായി കാണിച്ച് തള്ളുകയായിരുന്നു.
കഴിഞ്ഞ ഒക്‌ടോബറിലാണ് ഹര്‍ജിക്കാസ്‌പദമായ സംഭവം. ഒരാളെ ശിക്ഷിക്കുന്ന വേളയില്‍ കോടതി നടത്തിയ ചില നിരീക്ഷണങ്ങളില്‍ ലവ് ജിഹാദ് എന്ന് പരാമര്‍ശിച്ചിരുന്നു. മുസ്ലീം മതവിഭാഗത്തില്‍ പെട്ട ഒരു പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. പ്രതിക്കെതിരെ മൊഴി നല്‍കിയ സ്‌ത്രീ അത് പിന്‍വലിച്ച ശേഷവും കോടതി ഇയാളെ ശിക്ഷിക്കുകയായിരുന്നു.

പരാതിക്കാരിയായ സ്‌ത്രീയുടെ ആദ്യ മൊഴി പ്രകാരം ഇയാള്‍ക്കെതിരെ ബലാത്സംഗവും മറ്റ് കുറ്റങ്ങളും രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഒരു പരിശീലന കേന്ദ്രത്തില്‍ വച്ച് പരിചയപ്പെട്ട യുവാവിനെ താന്‍ വിവാഹം കഴിക്കുകയായിരുന്നുവെന്ന് സ്‌ത്രീ മൊഴി നല്‍കി. ആനന്ദ് കുമാര്‍ എന്ന് പറഞ്ഞാണ് ഇയാള്‍ പരിചയപ്പെട്ടത്. എന്നാല്‍ വിവാഹ ശേഷമാണ് ഇയാള്‍ മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞതും ഇയാളുടെ യഥാര്‍ത്ഥ പേര് ആലിം എന്നാണെന്ന് മനസിലായതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *