അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ല: സുപ്രീം കോടതി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ കോടതി പ്രത്യേക പരിഗണനയൊന്നും തന്നെ നൽകിയിട്ടില്ലെന്നും ഉത്തരവിൽ എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നും സുപ്രീം കോടതി. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ പരാമർശം.
അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി കേന്ദ്ര മന്ത്രിയായ അമിത് ഷായുടെ ‘പ്രത്യേക പരിഗണനയിലാണ് കെജ്രിവാളിന്റെ ജാമ്യം’ എന്ന പരാമർശം ചൂണ്ടിക്കാണിച്ചപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് വോട്ട് ചെയ്താൽ തനിക്ക് തിരിച്ച് ജയിലിൽ പോകേണ്ടി വരില്ല’ എന്ന കെജ്രിവാളിന്റെ പ്രസംഗവും കോടതിയിൽ ചൂണ്ടിക്കാട്ടി.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത കെജ്രിവാളിന്റെ പ്രസംഗം ചൂണ്ടിക്കാണിച്ചപ്പോൾ അത് കെജ്രിവാളിന്റെ വിലയിരുത്തലാണ് എന്നും തങ്ങൾക്ക് ഒന്നും പറയാനില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം അമിത് ഷായുടെ പ്രസംഗം കെജ്രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ ഒരാൾക്കും പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ലെന്നും പറയാനുള്ളത് വിധിയിൽ പറഞ്ഞിട്ടുണ്ട് എന്നും വിധിയെ വിമർശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു കോടതിയുടെ പ്രതികരണം.