‘ജയ് ശ്രീറാം എന്ന് പറയൂ’; സെലീന ഗോമസിനോട് ഇന്ത്യൻ യുവാവ്, പ്രതികരിച്ച് ഗായിക
പോപ്പ് താരം സെലീന ഗോമസിനോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെടുന്ന ഇന്ത്യൻ യുവാവിന്റെ വിഡിയോ ചർച്ചയാകുന്നു. വിദേശത്തുവച്ച് സെലീനയെ കണ്ട യുവാവ്, സെൽഫി വിഡിയോയ്ക്കായി അഭ്യർഥിച്ചു. ഗായിക പോസ് ചെയ്യാൻ തയ്യാറായപ്പോൾ ‘ജയ് ശ്രീറാം’ എന്ന് ഉരുവിടാൻ യുവാവ് പറഞ്ഞു. ആ വാക്കിന്റെ അർഥം എന്തെന്ന് സെലീന ചോദിച്ചപ്പോൾ, ‘ഇന്ത്യയിലെ ഏറ്റവും മികച്ച സ്ലോഗൻ’ ആണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതോടെ ‘താങ്ക്യു ഹണി’ എന്നു പറഞ്ഞ്, അഭ്യർഥന നിരസിച്ച് ചിരിയോടെ സെലീന ഗോമസ് പിൻവാങ്ങി. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു ശ്രദ്ധ നേടിയത്.
നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. പലരും യുവാവിനെ രൂക്ഷമായി വിമർശിച്ചു. പല്ലവ് പലിവാള്‍ എന്ന ഫൊട്ടോഗ്രഫറുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നാണ് വിഡിയോ പുറത്തുവന്നത്. ‘ഞങ്ങളുടെ ഒരു ഫോളോവര്‍ സെലീനയെ കണ്ടുമുട്ടി. ദീപാവലിയോടനുബന്ധിച്ച് ഗായിക ജയ് ശ്രീറാം എന്നുപറഞ്ഞു’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്നാല്‍ സെലീനയുടെ വസ്ത്രവും ആഭരണവും നിരീക്ഷിച്ച് വിഡിയോ പഴയതാണെന്ന അനുമാനത്തിലെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത സെലീനയുടെ ലുക്കാണ് വിഡിയോയിൽ കാണാനാവുക. എന്തുതന്നെയായാലും വലിയ വിമർശനങ്ങളാണ് വിഡിയോയ്ക്കു നേരെ ഉയരുന്നത്.