കോഴിക്കോട് : കാലിക്കറ്റ് സർവലകശാലയിലെ എസ്എഫ്ഐ ബാനറിൽ അതൃപ്തി അറിയിച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ചാൻസലറെയാണ് വേണ്ടത് സവർക്കറെയല്ല എന്ന ബാനറിനെതിരെയായിരുന്നു ​ഗവർണറുടെ പ്രതികരണം. സവർക്കർ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും എന്ത് ചിന്തയാണിതെന്നും ഗവർണർ ചോദിച്ചു. ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്ന് ​ഗവർണർ പറഞ്ഞു.സർവലകശാലയിലേക്ക് കയറിയപ്പോൾ പോസ്റ്റർ കണ്ടുവെന്നും മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചതെന്നും ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. വീടിനെയൊ, വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാൻസലറോട് ഗവർണർ നിർദേശിച്ചു.

സവർക്കർ എന്നാണ് രാജ്യത്തിന് ശത്രു ആയി മാറിയതെന്ന് ചോദിച്ച ​ഗവർ‌ണർ രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കറെന്നും പറഞ്ഞു. മുൻ ചാൻസലർ സർവകലാശാലയിൽ എത്തിയപ്പോൾ സ്ഥാപിച്ച ബാനർ ആയിരുന്നു അത്. ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിനു നേട്ടം ഉണ്ടാക്കാൻ കഴിയൂ. തൊഴിൽ ദാതാക്കളെ സൃഷ്ടിക്കാൻ നമുക്ക് കഴിയണമെന്ന് ​ഗവർണർ പറഞ്ഞു.

അതേസമയം ലഹരിക്കെതിരായ സന്ദേശവുമായാണ് ​ഗവർണർ സർവകലാശാലയിൽ എത്തിയത്. ‘Say No To Drugs’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ എത്തിയത്. ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാറിനോടൊപ്പമാണെന്ന് ഗവർണർ. മുഖ്യമന്ത്രിയെ അത് അറിയിച്ചിട്ടുണ്ട്. നല്ല ഭാവിക്കായി ലഹരിയിൽ നിന്നും തലമുറകളെ രക്ഷിക്കേണ്ടതുണ്ട്. അതിനു വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു.