സൗദിയിലെ രണ്ടാമത്തെ വലിയ ഇരട്ട കടല്‍പാലത്തിന്‍റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിൽ
റിയാദ്: സൗദിയിലെ രണ്ടാമത്തെ വലിയ ഇരട്ട കടല്‍പാലത്തിന്‍റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ സ്വഫ്‌വയെയും റാസ് തന്നൂറയെയും ബന്ധിപ്പിച്ച് 3.2 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ട കടല്‍പാലം നിര്‍മിക്കുന്നത്. നിര്‍മാണ ജോലികളുടെ 88 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പുതിയ പാലം റാസ് തന്നൂറക്ക് പുതിയ പ്രവേശന കവാടവും എക്‌സിറ്റും നല്‍കും.റാസ് തന്നൂറയില്‍ നിന്ന് ദമാമിലേക്കും ഖത്തീഫിലേക്കുമുള്ള ദൂരം കുറക്കാന്‍ പുതിയ പാലം സഹായിക്കും. റാസ് തന്നൂറയെ ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി പുതിയ പാലം നേരിട്ട് ബന്ധിപ്പിക്കും.
ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിെൻറ സ്ഥാനം ശക്തമാക്കുന്ന നിലക്ക് സൗദിയിലെ വിവിധ നഗരങ്ങളും ഗവര്‍ണറേറ്റുകളും തമ്മിലുള്ള കര ഗതാഗതബന്ധം മെച്ചപ്പെടുത്താനും സൗദിയിലെ വിവിധ പ്രവിശ്യകള്‍ക്കിടയില്‍ ആളുകളുടെയും ചരക്കുകളുടെയും നീക്കം സുഗമമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പാലം നിര്‍മിക്കുന്നത്. സ്വഫ്‌വയില്‍ 15 വാട്ടര്‍ ഡ്രെയിനേജ് കനാലുകളുടെയും റാസ് തന്നൂറയില്‍ ഒമ്പതു വാട്ടര്‍ ഡ്രെയിനേജ് കനാലുകളുടെയും നിര്‍മാണവും ഒരുകൂട്ടം ടാറിംഗ് ജോലികളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. റോഡ് മേഖലാ തന്ത്രത്തിെൻറ ലക്ഷ്യങ്ങള്‍ക്കനുസൃതമായി പ്രവിശ്യകള്‍ക്കിടയില്‍ സഞ്ചാരം സുഗമമാക്കാന്‍ പദ്ധതി സഹായിക്കും. കൂടാതെ കിഴക്കന്‍ പ്രവിശ്യയില്‍ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിലൂടെ ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാക്കാനും പദ്ധതി സഹായിക്കും.
സൈന്‍ ബോര്‍ഡുകള്‍, ഫ്‌ളോര്‍ പെയിന്റിംഗ്, വാണിംഗ് വൈബ്രേഷനുകള്‍, ഗ്രൗണ്ട് സൈനുകള്‍, കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ തുടങ്ങി നിരവധി പ്രവൃത്തികള്‍ നടപ്പാക്കുന്നതിലൂടെ ഗുണനിലവാരത്തിെൻറയും സുരക്ഷയുടെയും ഉയര്‍ന്ന നിലവാരം നല്‍കുന്ന നിലക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പ്രവൃത്തികളിലൂടെ റോഡില്‍ സുരക്ഷാ നിലവാരം ഉയര്‍ത്താനും, വാഹന ഗതാഗതത്തിെൻറ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിന് റോഡ് ശൃംഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യവുമായി പൊരുത്തപ്പെട്ടുപോകാനും ലക്ഷ്യമിടുന്നു.