സൗദിയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി വിഎഫ്എസ് വഴി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ
കോഴിക്കോട്: വിസ സ്റ്റാമ്പിങിന് ഉള്‍പ്പെടെ സൗദിയിലേക്ക് ആവശ്യമായ എല്ലാവിധ അറ്റസ്റ്റേഷനുകളും വിഎഫ്എസ് വഴിയാക്കി. പുതിയ നിയമം അടുത്ത തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ നിലവില്‍ വരും.
സൗദിയുടെ ഡല്‍ഹി എംബസി, മുംബൈ കോണ്‍സുലേറ്റ് വഴി ചെയ്തിരുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ്, ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, പോളിയോ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങളെല്ലാം വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴിയാണ് ഇനി നടത്തുക.
ട്രാവല്‍സ് ഏജന്‍സികള്‍ വഴിയാണ് എംബസിയിലേക്കും കോണ്‍സുലേറ്റിലേക്കും അറ്റസ്റ്റേഷനു വേണ്ടി ഫയലുകള്‍ ഇതുവരെ സമര്‍പ്പിച്ചിരുന്നത്. എന്നാൽ ഇനി മുതല്‍ നേരിട്ട വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കാവന്നതാണ്. ഇതോടെ സൗദി വിസ സംബന്ധമായ നടപടികളെല്ലാം ട്രാവല്‍സ് മേഖലയില്‍ നിന്ന് വിഎഫ്എസിലേക്ക് പൂര്‍ണമായും മാറുകയാണ്.
സൗദി വിസ, എംബസി, കോണ്‍സുലേറ്റ് നടപടികളെല്ലാം മുമ്പ് ട്രാവല്‍സ് മുഖേന ആയിരുന്നുവെങ്കിൽ ഇനി മുതൽ ഇതെല്ലാം വിഎഫ്എസ് കേന്ദ്രങ്ങളില്‍ ലഭ്യമാവും. എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ വിഎഫ്എസിലേക്ക് മാറിയിരുന്നെങ്കിലും വിവിധ അറ്റസ്റ്റേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത് ഇതുവരെ ട്രാവല്‍സ് ഏജന്‍സികള്‍ വഴിയായിരുന്നു. ഇനിമുതല്‍ ഇത്തരം സേവനങ്ങള്‍ക്കെല്ലാം വിഎഫ്എസ് ഓഫിസ് മാത്രമാണ് ആശ്രയം.