ഊർജ-കാര്യക്ഷമമായ എയർ കണ്ടീഷണറുകളിലേക്കുള്ള പരിവർത്തനത്തെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നു
റിയാദ്∙ പഴയ തരം വിൻഡോ എസികൾക്ക് വിട നൽകി ഊർജ്ജക്ഷമതയുള്ള പുത്തൻ തലമുറ എസികളിലേക്ക് മാറുകയാണ് സൗദി. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. സൗദി എനർജി എഫിഷ്യൻസി സെന്‍ററാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഈ പദ്ധതിയിൽ പങ്കെടുക്കുന്നവർക്ക് പഴയ എസി മാറ്റി സ്ഥാപിക്കുന്നതിന് സൗജന്യ സേവനം ലഭിക്കുന്നതിനൊപ്പം പുതിയ എസിക്ക് 1000 റിയാൽ ഇൻസെന്‍റീവ് തുകയും നൽകുന്നു. രാജ്യത്തെ 4 ദേശീയ ഫാക്ടറികൾ, 50 ലധികം റീട്ടെയിലർമാർ, 350ലധികം ഷോറുമുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ സംരഭത്തിൽ പങ്കാളികളായ വീട്ടുപകരണ സ്റ്റോറുകളിൽ നേരിട്ട് സന്ദർശിച്ച് പുതിയ എസി വാങ്ങാം. അല്ലെങ്കിൽ സംരഭത്തിൽ ഉൾപ്പെടുന്ന സ്റ്റോറുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഓൺലൈനായി വാങ്ങാമെന്നും അധികൃതർ അറിയിച്ചു. സൗജന്യ ഇൻസ്റ്റലേഷൻ, 1000 റിയാൽ ഇൻസെന്‍റീവ്, ഊർജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധ നേട്ടങ്ങളാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നവരെ കാത്തിരിക്കുന്നത്. സൗദി എനർജി എഫിഷ്യൻസി സെന്‍റർ മുൻപും ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.