കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സ്

0

ഫ്ലോറിഡ : വിപുലമായ സാറ്റ്‌ലൈറ്റ് ശൃംഖല വഴി ലോകമെമ്പാടും ചെലവ് കുറഞ്ഞ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത കൂട്ടം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സ്. 21 ‘സ്റ്റാര്‍ലിങ്ക്’ കൃത്രിമ ഉപഗ്രഹങ്ങളാണ് സ്പേസ് എക്‌സ് ബഹിരാകാശത്തേക്ക് ഒന്നിച്ച് കഴിഞ്ഞ ദിവസം അയച്ചത്.

ഫ്ലോറിഡയിലെ കേപ് കാനവേരല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌‌ലൈറ്റുകളുമായാണ് ഫാള്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. മോശം കാലാവസ്ഥ മൂലം ഒരു ദിവസം വൈകിയാണ് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ഏകദേശം എട്ട് മിനുറ്റുകള്‍ക്കുള്ളില്‍ ഫാള്‍ക്കണ്‍ റോക്കറ്റിന്‍റെ ഒരു ഭാഗം അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ പ്രത്യേക തറയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു എന്ന് സ്പേസ് എക്‌സ് അറിയിച്ചു. ഈ മാസം മാത്രം സ്പേസ് എക്‌സിന്‍റെ നാലാം ബഹിരാകാശ വിക്ഷേപണമാണിത്. ഓഗസ്റ്റ് 2, 4 തിയതികളില്‍ സ്റ്റാര്‍ലൈന്‍ സാറ്റ്‌ലൈറ്റുകളും, ഓഗസ്റ്റ് നാലാം തിയതി തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സിഗ്നസ് കാര്‍ഗോ സ്പേസ്‌ക്രാഫ്റ്റിന്‍റെ വിക്ഷേപണവും സ്പേസ് എക്‌സ് നടത്തിയിരുന്നു.

എന്താണ് സ്റ്റാര്‍ലിങ്ക്?

സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനായി ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച് അയക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക് എന്നറിയപ്പെടുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും ഭൂമിയിലേക്ക് നേരിട്ട് ചെലവ് കുറഞ്ഞ ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ് എത്തിക്കുകയാണ് ഇതിലൂടെ സ്പേസ് എക്‌സ് കമ്പനി ലക്ഷ്യമിടുന്നത്. സ്പേസ് എക്സിന്‍റെ തന്നെ ഫാള്‍ക്കണ്‍ റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണത്തിന് ശേഷം തിരിച്ച് ലാന്‍ ചെയ്യുന്ന രീതിയുള്ളവയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *