എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി തുടരുന്നു

0

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ആശുപത്രി ഇപ്പോഴും ജനറേറ്ററിൻ്റെ സഹായത്തിലാണ് പ്രവ‍ർത്തിക്കുന്നത്. പ്രശ്നം പൂർണമായി പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇതിനായുള്ള ജോലികൾ രാവിലെ 10 മണിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.

ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂർ നേരം പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചത്. ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കുറ്റം കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ഇന്നലെ രാത്രി വൈദ്യുതി പുനസ്ഥാപിച്ചത്.

എസ്എടി ലൈനിലും ട്രാൻസ്ഫോർമറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി ഇന്നലെ വൈകീട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്നാണ് കെഎസ്ഇബി വിശദീകരണം. പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറൻ്റ് വന്നിരുന്നില്ല. ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ (വിസിബി) തകരാറിലായതാണ് കാരണം. അഞ്ചര മുതൽ ഏഴരവരെ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കി. എന്നാൽ ഏഴരയ്ക്ക് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായി. ഇതോടെയാണ് ആശുപത്രി പൂർണമായി ഇരുട്ടിലായത്.

ഡോക്ടർമാർ ടോർച് വെളിച്ചത്തിലായിരുന്നു രോഗികളെ നോക്കിയത് . വലിയ പ്രതിഷേധമാണ് പിന്നീട് കണ്ടത്. പ്രതിഷേധം അണപൊട്ടിയതോടെ പത്തരയോടെ പുറത്തുനിന്ന് ജനറേറ്റർ എത്തിച്ചാണ് വെളിച്ചം വന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *