ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്രക്ഷണം ബഹുമതിയെന്ന് ശശി തരൂര്‍

ദില്ലി: പാകിസ്ഥാൻ ഭീകരതയെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കാണുന്നു. ദേശ താല്‍പര്യം തന്നെയാണ് മുഖ്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ളപ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ശശി തരൂരിനെ പിന്തുണച്ച് കെപിസിസി രംഗത്തെത്തി. വിദേശ പര്യടനത്തില്‍ തരൂരിനെ ഉള്‍പെടുത്തിയതിനെ കെപിസിസി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ നിലപാട് അറിയിക്കാന്‍ തരൂരിന് കഴിയുമെന്നും കെപിസിസി പ്രതീക്ഷ പ്രകടിപ്പിച്ചു.
അതിനിടെ, സര്‍വ്വകക്ഷി സംഘത്തിന്റെ ഭാഗമായതില്‍ സന്തോഷമെന്ന് മുസ്‌ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. അതേ സമയം ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് യോഗം വിളിച്ചു കൂട്ടണമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ധൂര്‍ എല്ലാവരുടെയും വിജയമാണെന്നും അത് ബിജെപി സ്വകാര്യ നേട്ടത്തിനായി ഉപയോഗിക്കുന്നവെന്ന ആരോപണത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. സര്‍ക്കാര്‍ നയതന്ത്ര നീക്കവുമായി സഹകരിക്കും. പ്രധാനമന്ത്രി ഇതുവരെ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.