ശശി സ്ത്രീകളുടെ നമ്പർ വാങ്ങുന്നു; ചിലരോട് ശൃംഗരിക്കുന്നു’: പരാതി പുറത്തുവിട്ട് അൻവർ

0

തിരുവനന്തപുരം∙  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവിട്ട് പി.വി.അൻവർ എംഎൽഎ. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ ഒരു കക്ഷിക്കൊപ്പം നിന്ന് പി.ശശി ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നതായി പരാതിയിൽ ആരോപിക്കുന്നു.ചില കേസുകളിൽ രണ്ടു കക്ഷികളും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി, അവർക്കിടയിൽ കേന്ദ്രബിന്ദുവായി പ്രവർത്തിച്ച് കമ്മിഷൻ കൈപ്പറ്റുന്നു. ഇക്കാര്യങ്ങളും പാർട്ടി പരിശോധിക്കണം.

മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി.ശശി വാങ്ങി വയ്ക്കുന്നുണ്ട്. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുന്നു. അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കോളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശി തുടർന്നാൽ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് പാർട്ടിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതെന്നും അന്‍വർ പരാതിയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *