‘സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ല, സ്ഥാനാർഥിത്വം ആഗ്രഹിക്കാം എന്നാൽ തീരുമാനിക്കേണ്ടത് പാർട്ടി’
പാലക്കാട്∙ പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ. സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം എന്നാൽ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ‘‘പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുൻപ് സ്വാഭാവികമായും പലരും സ്ഥാനാർഥിത്വം ആഗ്രഹിക്കും. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്.
എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുൻഗണന. ജില്ല മാറി ആളുകൾ മത്സരിക്കാറുണ്ട്. പാലക്കാട് ജില്ലയിൽ എത്രയോ മറ്റുജില്ലയിൽ നിന്ന് സ്ഥാനാർഥികളെ കൊണ്ടുവന്ന് വിജയിപ്പിച്ച ചരിത്രം കോൺഗ്രസിനും സിപിഎമ്മിനുമുണ്ട്. പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. ഒരുപോലെ വിജയസാധ്യതയുള്ളവരുണ്ടാകും. എന്നാൽ ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ അത് അനുസരിച്ച് പ്രവർത്തിക്കുക എന്നുള്ളതാണ് കോൺഗ്രസ് രീതി.’’ ശ്രീകണ്ഠൻ പറഞ്ഞു.
പാർട്ടിയിൽ യുവജനങ്ങൾക്ക് അർഹമായ എല്ലാ പരിഗണനയും കൊടുത്തിട്ടുണ്ടെന്നു പറഞ്ഞ ശ്രീകണ്ഠൻ സരിൻ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹിയായി ഇരിക്കുന്ന ആളാണെന്നും ഓർമിപ്പിച്ചു. സ്ഥാനാർഥിഥ്വത്തിന്റെ പേരിൽ സരിൻ ഇങ്ങനെ ഒരു നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിബൽ സ്ഥാനാർഥിയെ കുറിച്ചുള്ള ചോദ്യത്തിന് റിബൽ സ്ഥാനാർഥി എല്ലാ പാർട്ടിയിലും ഉണ്ടായിട്ടുണ്ടെന്നും അതിനെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസിനുണ്ടെന്നുമായിരുന്നു ശ്രീകണ്ഠന്റെ മറുപടി.