77-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കം
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. രാവിലെ 10ന് നടക്കുന്ന മേഘാലയ-സര്‍വീസസ് പോരാട്ടത്തോടെയാണ് സന്തോഷ് ട്രോഫിക്ക് തുടക്കമാവുക. കിരീടപ്രതീക്ഷയുമായെത്തിയ കേരളം തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ന് ആസാമമുമായി മാറ്റുരയ്ക്കും. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം. അരുണാചല്‍പ്രദേശിലെ യുപിയ ഗോള്‍ഡന്‍ ജൂബിലി ടര്‍ഫ് സ്റ്റേഡിയത്തിലാണ് പോരാട്ടം. മൂന്നാം മത്സരത്തില്‍ രാത്രി ഏഴിന് ആതിഥേയരായ അരുണാചല്‍ പ്രദേശ് ഗോവയെ നേരിടും. 12 ടീമുകള്‍ പങ്കെടുക്കുന്ന ഫൈനല്‍സില്‍ ആറ് ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഗ്രൂപ്പ് എയില്‍ അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വീസസ്, കേരളം എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, മണിപ്പൂര്‍, മിസോറാം, റെയില്‍വേസ് എന്നീ ടീമുകളും അണിനിരക്കും.
സന്തോഷ് ട്രോഫിയുടെ 77-ാമത് എഡിഷനാണിത്. അടുത്ത സീസണ്‍ മുതല്‍ ഫിഫ സന്തോഷ് ട്രോഫിയുമായി കൈകോര്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ ഈ ചാംപ്യന്‍ഷിപ്പ് പ്രശസ്തിയിലേക്കുയരുമെന്നുറപ്പ്. കര്‍ണാടകയാണ് നിലവിലെ ചാംപ്യന്മാര്‍. അവര്‍ക്ക് കിരീടം നിലനിര്‍ത്തണമെങ്കില്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും. മുന്‍ ചാമ്പ്യന്‍മാരായ കേരളത്തിന്‍റെ ആദ്യമത്സരം ഇന്ന് ആസാമിനെതിരേ നടക്കുമ്പോള്‍ കളിക്കാരും പരിശീലകരും നിറഞ്ഞ പ്രതീക്ഷയിലാണ്. ഇന്നലെയും ടീം ഗ്രൗണ്ടിലെത്തി പരിശീലനത്തിലേര്‍പ്പെട്ടു. മത്സരത്തിനുമുമ്പ് ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ പ്രതീക്ഷയും വെല്ലുവിളികളും പങ്കുവെക്കുകയാണ് മുഖ്യപരിശീലകന്‍ സതീവന്‍ ബാലന്‍കേരളത്തിന്‍റെ ടീം ഇത്തവണയും യുവാക്കളാല്‍ സമ്പന്നമാണ്. കെപിഎല്ലും സന്തോഷ് ട്രോഫി ക്യാംപുമൊക്കെ ഒന്നിച്ചുവന്നുവെങ്കിലും കളിക്കാരെല്ലാം ഫിറ്റാണെന്നത് ആശ്വാസം പകരുന്ന കാര്യമാണ്. കേരളത്തെ സംബന്ധിച്ച് ഇത്തവണ വെല്ലുവിളിയാകുമെന്നു കരുതുന്നത് എതിര്‍ ടീമുകളേക്കാളുപരി സാഹചര്യങ്ങളാണ്.