സന്തോഷ് ട്രോഫി: കേരളംസെമി ഫൈനലിൽ
തെലങ്കാന :ഡെക്കാന്‍ അരീനയില്‍ നടന്ന ജമ്മുകാശ്മീരിനെതിരായ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.രണ്ടാം പകുതിയിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ക്വാർട്ടറിൽ വിജയ ഗോൾ നേടിയത്.ടൂർണമെന്റിലെ കേരളത്തിന്റെ ടോപ് ഗോൾ സ്കോററും നസീബാണ്. ഏഴ് ഗോളുകളാണ് നസീബ് ഇതുവരെ സ്കോർ ചെയ്തത്. ബിബി തോമസിന് കീഴിൽ മിന്നും ഫോമിലായിരുന്നു സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിൽ എത്തുന്നത് വരെ കേരളത്തിന്റെ കളി. ഒരു മത്സരം ശേഷിക്കെ നാല് മത്സരങ്ങളിൽ ജയം പിടിച്ചായിരുന്നു കേരളം ക്വാർട്ടർ ഉറപ്പിച്ചത്.
ഗോളടിച്ച് കൂട്ടിയ കേരളം പക്ഷേ പ്രതിരോധ കോട്ട കെട്ടി ഗോൾ വഴങ്ങുന്നതിൽ പിഴവ് കാണിച്ചുകൊണ്ടേയിരുന്നു. യോഗ്യതാ റൌണ്ടിൽ മൂന്ന് കളികളിൽ ജയം പിടിച്ചപ്പോഴേക്കും 18 ഗോളുകളാണ് കേരളം അടിച്ചു കൂട്ടിയത്. ഈ മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ഫൈനൽ റൌണ്ട് മത്സരങ്ങളിൽ കേരളം അടിച്ചു കൂട്ടിയത് 11 ഗോളും. വഴങ്ങിയത് നാല് ഗോൾ മാത്രം.
സെമിയിലേക്ക് മത്സരം എത്തി നിൽക്കുമ്പോഴേക്കും സ്ക്വാഡിലെ 22 താരങ്ങളേയും കേരളം ഗ്രൌണ്ടിലിറക്കി എന്നതും എടുത്ത് പറയേണ്ടതാണ്. മൂന്ന് ഗോൾ കീപ്പർമാരേയും മലപ്പുറത്ത് നിന്നുള്ള പതിനേഴുകാരൻ മധ്യനിര താരം മുഹമ്മദ് റിഷാദ് ഗഫൂറിനെ വരെ കേരളം കളത്തിലിറക്കി.
ഇന്ന് രാത്രി 7.30ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മേഘാലയ സര്‍വീസസിനെ നേരിടും. കേരളത്തിന് പുറമെ ബംഗാളും മണിപ്പൂരും നേരത്തെ സെമി ഫൈനലില്‍ കടന്നിരുന്നു.സെമിയിൽ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികൾ.