സന്തോഷ് ട്രോഫി ബംഗാളിനു തന്നെ !
ബംഗാളിനു 33ാം കിരീട നേട്ടം. കേരളത്തിന്റെ ഒന്‍പതാമത് തോല്‍വിയും!!
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കണ്ണീരുമായി കേരളത്തിന്റെ മടക്കം . ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടി.
ആവേശം വാനോളം ഉയര്‍ത്തിയ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ നേട്ടത്തോടെ ബംഗാള്‍ കീരീടമണിഞ്ഞു. രണ്ട് ടീമും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഇന്‍ജറി ടൈമിലാണ് കേരളത്തിന്റെ വലകുലുക്കി ഹൃദയം തകര്‍ത്ത ആ ഗോള്‍ മുന്നേറ്റമുണ്ടായത്. ബംഗാളിന്റെ ചുണകുട്ടി 9ാം നമ്പര്‍ താരം റോബി ഹന്‍സ്ദയാണ് കേരളത്തെ തകര്‍ത്ത് വിജയഗോള്‍ നേടിയത്. ഇതോടെ 12 ഗോളുകളുമായി ഹന്‍സ്ദ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായി.സന്തോഷ് ട്രോഫി ചരിത്രത്തിൽ 47–ാം ഫൈനലില്‍ മാറ്റുരച്ച 33ാം കീരിടനോട്ടമാണിത്. 16ാം മത്സരത്തില്‍ പോരാടിയ കേരളത്തിന്റെ 9ാം തോല്‍വിയും. അവസാന രണ്ട് മത്സരങ്ങളിലും കേരളം വിജയ കിരീടം ചൂടിയപ്പോള്‍ നോക്കി നില്ക്കേണ്ടിവന്ന ബംഗാളിന് ഇന്ന് വലിയ നേട്ടം തന്നെയാണ്.