സംസ്കൃതം അറിയില്ല.എങ്കിലും പിഎച്ച്ഡി നൽകാൻ ശുപാർശ
തിരുവനന്തപുരം: സംസ്കൃത ഭാഷയിൽ പ്രവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ കേരള സർവകലാശാലയിൽ ശുപാർശ. നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കറ്റ് യോഗം ശുപാർശ പരിഗണിക്കും. എന്നാൽ ഭാഷയറിയാത്ത വിദ്യാർഥിക്കു സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാനുള്ള ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മല്ലിനു കത്ത് നൽകി.
പിഎച്ച്ഡി ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഓപ്പൺ ഡിഫൻസിലാണ് പിഎച്ച്ഡി നൽകാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്. എന്നാൽ പ്രബന്ധം സംബന്ധിച്ച് ഒരു ചോദ്യത്തിനു പോലും വിദ്യാർഥിക്ക് ഇംഗ്ലിഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഓൺലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാർഥി ഫോൺ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചെന്നും കത്തിൽ പറയുന്നു. വിദ്യാർഥിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നു ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡീനിന്റെ കത്തിൽ പറയുന്നു. കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നൽകാത്ത വിദ്യാർഥി ഇംഗ്ലിഷിൽ തെറ്റില്ലാതെ പ്രബന്ധം എഴുതിയതിൽ ദുരൂഹതയുണ്ട്. പ്രബന്ധം ഗവേഷണ പ്രബന്ധത്തിന്റെ സ്വഭാവത്തിലുള്ളതല്ലെന്നും ഓപ്പൺ ഡിഫൻസിൽ ഡോക്ടറൽ കമ്മിറ്റി ചെയർപഴ്സൻ എന്ന നിലയിൽ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തിൽ പറയുന്നു. ചട്ടമ്പിസ്വാമികളെ കുറിച്ച് ‘സദ്ഗുരു സർവസ്വം – ഒരു പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണു പ്രബന്ധം. പ്രബന്ധത്തിൽ ഏറ്റവും സുപ്രധാനമായ റിസർച് മെത്തഡോളജിയിലും (ഗവേഷണ രീതിശാസ്ത്രം) കണ്ടെത്തലുകളിലുമുള്ള പിഴവുകൾ തിരുത്താതെ പിഎച്ച്ഡി നൽകരുതെന്നും കത്തിലുണ്ട്.
