സഞ്ജുവിന്റെ വിശ്വസ്തനെ ഇനി രാജസ്ഥാന് കിട്ടില്ല? ലേലത്തിൽ റാഞ്ചാൻ ചെന്നൈ സൂപ്പർ കിങ്സ്

0

 

മുംബൈ∙ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സ്പിന്നർ ആര്‍. അശ്വിനെ താരലേലത്തിൽ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ നീക്കം. 38 വയസ്സുകാരനായ അശ്വിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നില്ല. താരലേലത്തിൽ അശ്വിനെ വീണ്ടും സ്വന്തമാക്കാൻ രാജസ്ഥാൻ ശ്രമിച്ചാലും ചെന്നൈ സൂപ്പർ കിങ്സുമായി ശക്തമായ പോരാട്ടം നടത്തേണ്ടിവരും. കഴിഞ്ഞ സീസണുകളിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും രാജസ്ഥാനു വേണ്ടി തിളങ്ങിയ താരമായിരുന്നു അശ്വിൻ. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്രോൺ ഹെറ്റ്മിയർ, സന്ദീപ് ശർമ എന്നിവരെയാണ് രാജസ്ഥാൻ അടുത്ത സീസണിലേക്ക് നിലനിർത്തിയത്.

ക്യാപ്റ്റൻ സഞ്ജു സാംസൺ വേദനയോടെയാണ് പല താരങ്ങളെയും ഒഴിവാക്കിയതെന്ന് രാജസ്ഥാൻ പരിശീലകൻ‌ രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിക്കാൻ താൽപര്യമുണ്ടെന്ന് തമിഴ്നാട്ടുകാരനായ അശ്വിൻ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ എന്നിവരെ 18 കോടി രൂപ നൽകിയാണ് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയത്. മതീഷ പതിരാനയും (13 കോടി), ശിവം ദുബെയും (12 കോടി) ടീമിനൊപ്പം തുടരും. സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയെ അൺകാപ്ഡ് താരമായി ചെന്നൈ ടീമിൽ നിലനിർത്തിയിട്ടുണ്ട്. നിലനിർത്താതിരുന്ന കിവീസ് ബാറ്റർ ഡെവോൺ കോൺവെയ്ക്കു വേണ്ടി ചെന്നൈ റൈറ്റ് ടു മാച്ച് സംവിധാനം ഉപയോഗിച്ചേക്കും. എം.എസ്. ധോണിയുടെ പകരക്കാരൻ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ ലേലത്തിൽ വാങ്ങാനും ചെന്നൈ സൂപ്പർ കിങ്സ് ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *