സഞ്ജു പൂജ്യത്തിനു പുറത്തു: നിരാശയോടെ ആരാധകര്‍
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ സെഞ്ച്വറിക്ക് ശേഷം മലയാളി താരം സഞ്ജു സാംസണിന് തുടര്‍ച്ചയായ രണ്ടാം ഡക്ക്. രണ്ടാം മത്സരത്തിലെ പോലെ ഇക്കുറിയും സഞ്ജു ആരാധകരെ നിരാശരാക്കി. രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജു പവലിയനിലേക്ക് മടങ്ങി. നിരാശാജനകമായിരുന്നു സഞ്ജുവിന്റെ പ്രകടനം. തുടക്കം പാളിയ ഇന്ത്യയുടെ ്‌സകോര്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും ചലിപ്പിച്ചു.
ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സെനിന്റെ ബോളിലാണ് സഞ്ജുവിന്റെ വിക്കറ്റ് തെറിച്ചത്. ഓഫ് സൈഡ് വിക്കറ്റിലേക്ക് വന്ന ബോള്‍ ഡിഫന്റ് ചെയ്യാനുള്ള സഞ്ജുവിന്റെ ശ്രമം പാഴാകുകയായിരുന്നു. ആദ്യ മത്സരത്തിൽ കൂറ്റൻ സെഞ്ച്വറി നേടിയ സഞ്ജുവിനെ വാനോളം പൊക്കി നിരവധി കായിക താരങ്ങൾ രംഗത്തെത്തിയിരുന്നു. സഞ്ജുവിന്റെ തിരിച്ചുവരവാണിതെന്നും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു.