സഞ്ജുവും ജുറെലിൻ്റെയും പോരാട്ടം ഫലം കണ്ടില്ല : രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 44 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 286 റണ്‍സാണ് നേടിയത്. രാജസ്ഥാന്‍റെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റിന് 242 റണ്‍സില്‍ ഒതുങ്ങി.
ഇംപാക്‌ട് പ്ലെയറായി എത്തിയ മലയാളി താരം സഞ്ജു സാംസണിന്‍റെയും ധ്രുവ് ജുറെലിന്‍റെയും അര്‍ധ സെഞ്ചുറി പ്രകടനത്തിന് രാജസ്ഥാനെ തോല്‍വിയില്‍ നിന്നും രക്ഷിക്കാനായില്ല. കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ രാജസ്ഥാന്‍റെ തുടക്കം തന്നെ പാളി. ആദ്യ ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ സഞ്‌ജു ആക്രമണം അഴിച്ചുവിട്ടെങ്കിലും തൊട്ടടുത്ത ഓവറില്‍ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായി.യശസ്വി ജയ്‌സ്വാള്‍ (1), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (4) എന്നിവരെ സിമര്‍ജീത് സിങ്ങാണ് മടക്കിയത്. നിതീഷ് റാണെ (11) മുഹമ്മദ് ഷമി കൂടി ഇരയാക്കിയതോടെ ടീം കുടുതല്‍ സമ്മര്‍ദത്തിലായി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സഞ്‌ജുവും ജുറെലും ചേര്‍ന്ന് നടത്തി രക്ഷാപ്രവര്‍ത്തനം രാജസ്ഥാന് പ്രതീക്ഷ നല്‍കി.60 പന്തുകളില്‍ 111 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സഖ്യം പിരിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞത്. 37 പന്തിൽ 7 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 66 റൺസ് നേടിയ സഞ്‌ജുവിനെ മടക്കി ഹര്‍ഷല്‍ പട്ടേലാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ജുറെലിനെ ആദം സാംപയും വീഴ്‌ത്തി.35 പന്തിൽ 5 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 70 റൺസായിരുന്നു ജുറെല്‍ നേടിയത്. ഇതോടെ മത്സരം പിടിവിട്ടെങ്കിലും അവസാന ഓവറുകളില്‍ ശുഭം ദുബെയും (11 പന്തില്‍ 34*) ഷിമ്രോൺ ഹെറ്റ്‌മെയറും (23 പന്തില്‍ 42) തകർത്തടിച്ചത് ടീമിന്‍റെ തോല്‍വി ഭാരം കുറച്ചു. നേരത്തെ ഇഷാന്‍ കിഷന്‍റെ അപരാജിത സെഞ്ചുറിയും ( 47 പന്തിൽ 106*) ട്രാവിസ് ഹെഡിന്‍റെ അര്‍ധ സെഞ്ചുറിയുമാണ് (31 പന്തില്‍ 67) ആതിഥേയരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.