ഹരിയാനയിലെ ബിജെപി വിജയം കോൺഗ്രസ്സിന്റെ തെറ്റായ നയം കാരണം -സഞ്ജയ് റാവുത്ത് .
മുംബൈ :ഹരിയാനയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിനെ ശക്തമായി വിമർശിച്ച് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് . നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും പഴകിയ പാർട്ടിയായ കോൺഗ്രസ്സ് ജമ്മു കശ്മീരിൽ വിജയിച്ചതെന്നും എന്നാൽ ഹരിയാനയിൽ ബിജെപിക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ചതുകൊണ്ടാണ് കോൺഗ്രസ്സ് പരാജയപ്പെട്ടതെന്നും റാവുത്ത് പറഞ്ഞു.
“”ഇപ്പോൾ, കോൺഗ്രസ് രാജ്യത്തുടനീളം ഒറ്റയ്ക്ക് മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ , അത് പരസ്യമായി പ്രഖ്യാപിക്കണം, അതിലൂടെ എല്ലാവർക്കും അവരവരുടെ സംസ്ഥാനങ്ങളിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയും,” ഒറ്റയ്ക്ക് മത്സരിക്കാതെ സമാജ്‍വാദി പാർട്ടി,ആം ആദ്‌മി പാർട്ടി ,മറ്റു ചെറുപാർട്ടികൾ ഇവരെ ചേർത്ത് സഖ്യമായി മത്സരിച്ചിരുന്നുവെങ്കിൽ ബിജെപി ഹരിയാനയിൽ ജയിക്കില്ലായിരുന്നു .” റാവുത്ത് കൂട്ടിച്ചേർത്തു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ചെലവിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേടിയ അപ്രതീക്ഷിത ചരിത്രവിജയം മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ സഖ്യങ്ങൾക്കുള്ളിലെ സമവാക്യങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മഹാ വികാസ് ആഘാടി സഖ്യത്തിൽ ചെറിയ പാർട്ടിയോ വലിയ പാർട്ടിയോ ഇല്ലെന്ന് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര, ഹരിയാനയെ പോലെ ആകില്ലായെന്നും അദ്ദേഹം അറിയിച്ചു. ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളെ അവഗണിക്കുന്ന രീതിയാണ് കോൺഗ്രസ്സിനുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ശക്തിയില്ലാത്തിടത്ത് സഖ്യകക്ഷികളെ ഉപയോഗിക്കുകയും ശക്തമായ സാന്നിധ്യമുള്ളിടത്ത് അവരെ അവഗണിക്കുകയും ചെയ്യുന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കോൺഗ്രസിൻ്റെ തോൽവിക്ക് സഖ്യകക്ഷികളോടുള്ള അവരുടെ മനോഭാവമാണ് കാരണമെന്ന് ശിവസേന (യുബിടി) മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലും എഴുതിയിരുന്നു.