സന്ദീപ് ഘോഷിനെ വീണ്ടും പുറത്താക്കി: ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും നീക്കി

0

കൊല്‍ക്കത്ത∙ ആ.ര്‍ജി. കാര്‍ ആശുപത്രിയിലെ പുതിയ പ്രിന്‍സിപ്പലടക്കം മൂന്നു പേരെ പിരിച്ചുവിട്ട് ബംഗാള്‍ സര്‍ക്കാര്‍. ജോലിയില്‍ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിന്‍സിപ്പൽ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്. മുന്‍ പ്രിന്‍സിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടര്‍ന്ന് 12–ാം തീയതിയാണ് സുഹൃത ചുമതലയേല്‍ക്കുന്നത്. സുഹൃതയ്ക്ക് പുറമേ വൈസ് പ്രിന്‍സിപ്പലും ഹോസ്പിറ്റല്‍ സൂപ്രണ്ടുമായ ബുള്‍ബുള്‍ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു.

പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒരു കൂട്ടം ആളുകള്‍ ഈ മാസം 15ന് ആശുപത്രിയിൽ അതിക്രമം നടത്തിയിരുന്നു. തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുണ്ടായിരുന്ന ആളുകള്‍ക്കെതിരെ നടപടി വേണമെന്ന വിദ്യാർ‌ഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്വാസ്ത്യ ഭവനിലേക്ക് വിദ്യാർഥികളും റസിഡന്റ് ഡോക്ടര്‍മാരും മാര്‍ച്ച് നടത്തിയിരുന്നു. ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പൽ, വൈസ് പ്രിന്‍സിപ്പൽ തുടങ്ങി ആശുപത്രി അടിച്ചു തകര്‍ത്ത സമയത്തുണ്ടായിരുന്ന അധികാരികളെ പിരിച്ചുവിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം കൊല്‍ക്കത്ത നാഷനല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രിന്‍സിപ്പൽ ചുമതലയില്‍ നിന്നും സന്ദീപ് ഘോഷിനെ നീക്കം ചെയ്‌തു. ആര്‍.ജി. കാര്‍ ആശുപത്രിയില്‍ നിന്നും രാജിവച്ചതിനു പിന്നാലെ സന്ദീപ് ഘോഷ് നാഷനല്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ആര്‍.ജി. കാര്‍ ആശുപത്രിയില്‍ പുതിയ പ്രിന്‍സിപ്പലായി മനാസ് ബന്ദോപാദ്യായ് ചുമതലയേല്‍ക്കും. നേരത്തെ ബരാസത്ത് മെഡിക്കല്‍ ആശുപത്രിയിലെ പ്രിന്‍സിപ്പലായിരുന്നു മനാസ്. ബുള്‍ബുള്‍ മുഖോപാധ്യായിക്ക് പകരം സപ്തര്‍ഷി ചാറ്റര്‍ജി ചുമതലയേല്‍ക്കുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *