സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും ;
ആമ്പല്ലൂർ: റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരവേ യുക്രൈനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നുമണിക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും. തുടര്‍ന്ന് നോര്‍ക്ക സജ്ജമാക്കുന്ന ആംബുലന്‍സിലാണ് വീട്ടിലെത്തിക്കുക. നോര്‍ക്ക സിഇഒ അജിത് കോളശേരിയാണ് ഇക്കാര്യം അറിയിച്ചത്.
സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം നോര്‍ക്ക തേടിയിരുന്നു.
ചാലക്കുടിയിലെ ഏജന്‍സി വഴി ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴുപേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ വിളിക്കാന്‍പോലും കഴിഞ്ഞിരുന്നില്ലെന്ന് റഷ്യയിലെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞു.
റഷ്യയിലെ റൊസ്‌തോവില്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിഷയം നാട്ടിലറിയുന്നത്. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കര്‍, സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. നോര്‍ക്ക വഴി റഷ്യയിലെ ഇന്ത്യന്‍ എംബസിയിലും ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു.