മക്കൾക്ക് കളിപ്പാട്ടവും ചോക്ലേറ്റുമായി സയനയും അനീഷും

0
amma.1753813654

ബിജു. വി

വയനാട്: തന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റും കളിപ്പാട്ടങ്ങളും കല്ലറയ്ക്കുമുകളിൽ നിരത്തിവച്ച സയന കണ്ണീരോടെ പറഞ്ഞു അവർക്ക് ഞങ്ങളുടെ സ്പർശം അനുഭവിക്കാൻ കഴിയും. വയനാട് ഉരുൾ ദുരന്തത്തിൽ മരിച്ച കുഞ്ഞുങ്ങൾ ഉറങ്ങുന്ന കല്ലറയ്ക്ക് മുകളിൽ പിതാവ് അനീഷ് വിതുമ്പലോടെ ഉമ്മവച്ചു. സയന കല്ലറയ്ക്ക് മുകളിൽ തലോടി.

നിവേദിനും ധ്യാനിനും ഇഷാനും ഇഷ്ടം ചോക്ലേറ്റും മിഠായിയും കളിപ്പാട്ടവുമാണ് വൈകിട്ട് ജോലി കഴിഞ്ഞെത്തിയാൽ മൂന്നു മക്കളും ആദ്യം ചോദിക്കുക മിഠായിയാണ്. പിന്നീടാണ് കളിപ്പാട്ടങ്ങൾ.കളിപ്പാട്ടങ്ങളിൽ വണ്ടികളോടായിരുന്നു പ്രിയം, തന്റെ മക്കൾ അന്തിയുറങ്ങുന്ന കല്ലറയിലെത്തുമ്പോഴും വ്യത്യസ്തമായ ലൈറ്റുകളുള്ള വണ്ടികളാണ്  കൊണ്ടുവെക്കുന്നത്. ഈ കളിപ്പാട്ടങ്ങളെല്ലാം കല്ലറയുടെ ഗ്രാനൈറ്റിൽ പതിപ്പിച്ച കുഞ്ഞുമുഖങ്ങൾക്കു മുന്നിൽ ഇരിപ്പുണ്ട്. കുഞ്ഞുങ്ങൾ കൂടെയുള്ളപ്പോൾ എങ്ങനെയാണോ ജീവിച്ചത് അതേപോലെ തന്നെയാണ്  ഇപ്പോഴുമെന്ന് അനീഷും സയനയും പറഞ്ഞു. അവസാനിക്കാത്ത ഉറക്കത്തിലേക്ക് വീണുപോയ കുഞ്ഞോമനകളുടെ അടുത്തെത്തി, സംസാരിച്ചു ലാളിച്ചും സമ്മാനങ്ങൾ നൽകിയും ഇരുവരും ആശ്വസിക്കുന്നു.

ജൂലായ് ഏഴിനായിരുന്നു നിവേദിന്റെ പിറന്നാൾ. അവന് 10 വയസായി. അന്ന് കേക്ക് വാങ്ങിനൽകി. കഴിഞ്ഞവർഷം ഇതേ ദിനം പകൽ എന്റെചുറ്റിലും ഓടിനടന്ന മക്കളല്ലേ. അവരിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയുമോ. സയന പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. മക്കൾക്കരികിലാണ് അനീഷിന്റെ അമ്മ രാജമ്മയുമുള്ളത്. ദുരന്തത്തിൽ അമ്മയെയും നഷ്ടപ്പെട്ടിരുന്നു. അമ്മയെന്നും മക്കളോടൊപ്പമായിരുന്നു. മൂത്തമകൻ ധ്യാൻ അമ്മയൊടൊപ്പമാണ് കിടന്നുറങ്ങുക. മക്കൾക്ക് കൂട്ടിന് അമ്മയുമുണ്ടല്ലോ എന്നതാണ് അനീഷിന്റെ ആശ്വാസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *