നടി സ്വര ഭാസ്‌കറിൻ്റെ ഭർത്താവ് ഫഹദ് അഹമ്മദ് എൻസിപിയിൽ ചേർന്നു: സ്ഥാനാർത്ഥിയായി !
മുംബൈ: സമാജ്‌വാദി പാർട്ടി നേതാവും ബോളിവുഡ് നടിയുമായ സ്വര ഭാസ്‌കറിൻ്റെ ഭർത്താവ് ഫഹദ് അഹമ്മദ് NCP (ശരദ് പവാർ ) യിൽ ചേർന്നു, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള NCP സ്ഥാനാർത്ഥിയുമായി !
മഹാരാഷ്ട്രയിലെ അണുശക്തി നഗർ സീറ്റിൽ എൻസിപി (അജിത് പവാർ) സ്ഥാനാർത്ഥി സന മാലിക്കിനെതിരെയാണ് അഹമ്മദ് മത്സരിക്കുന്നത്. രണ്ട് പവാർ ഗ്രൂപ്പും തമ്മിലുള്ള ശക്തമായ പോരാട്ടത്തിൻ്റെ അങ്കത്തട്ടായി ഈ മണ്ഡലം മാറും.എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മകളാണ് 36 കാരിയായ സനമാലിക് . ആർക്കിടെക്റ്റ് ആയിരുന്ന സന ഇപ്പോൾ അഭിഭാഷകയാണ് .
ഫഹദ് അഹമ്മദ് – അലിഗഡ് മുസ്ലീം സർവകലാശാലയിൽ നിന്ന് ബിരുദം നേടി, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് സോഷ്യൽ വർക്കിൽ എംഫില്ലും പൂർത്തിയാക്കി. TISS ൽ, 2017 ലും 2018 ലും TISS സ്റ്റുഡൻ്റ്സ് യൂണിയൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു .2022 ൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഫീസ് ഇളവ് ആവശ്യപ്പെട്ട് ഫഹദ് അഹമ്മദ് നടത്തിയ സമരം ജനശ്രദ്ധ നേടിയിരുന്നു.. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സമരത്തിന്റെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
2009 മുതൽ നവാബ് മാലിക് അണുശക്തി നഗറിനെ പ്രതിനിധീകരിച്ചിരുന്നു, 2014 ൽ പരാജയപ്പെട്ടെങ്കിലും 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാൻഖുർദിലെ ശിവാജി നഗറിൽ മത്സരിക്കുമെന്ന് നവാബ് മല്ലിക് പ്രഖ്യാപിച്ചിട്ടുണ്ട് . പ്രദേശത്തെ ഗുണ്ടായിസവും മയക്കുമരുന്ന് വിൽപ്പനയും ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സാഹചര്യത്തിൽ അതിനൊരു അവസാനം കണ്ടെത്താനായി താൻ ഈ മണ്ഡലത്തിൽ ജയിച്ചു വരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു .
എന്നാൽ ബിജെപി മാലിക്കിന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കുന്നില്ല .ഫഡ്‌നാവിസ് ഭരണകാലത്ത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള മാലിക്കിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി സമരങ്ങൾ നടത്തിയിട്ടുണ്ട്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി. അറസ്റ്റുചെയ്ത അദ്ദേഹം ഏറെക്കാലം ജയിലിലുമായിരുന്നു. ബിജെപിയുടെ പ്രതിഷേധത്തിൽ അജിത് പവാർ സീറ്റ് നൽകിയില്ലാ എങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് മാലിക്കിന്റെ തീരുമാനം .