യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
THURAVUR

ആലപ്പുഴ : തുറവൂർ ‍ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. ആൾകൂട്ട വിചാരണ നേരിടുന്നതിന്റെയും പൊലീസ് ഇയാളെ മുഖത്ത് അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ അതിക്രമിച്ചു കയറിയ സമ്പത്ത് എന്ന യുവാവ് ക്ഷേത്രം ജീവനക്കാരുടെയും പോലീസിന്റെയും പരസ്യ വിചാരണ നേരിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുത്തിയതോട് എഎസ്ഐ ഇയാളുടെ മുഖത്ത് അടിക്കുന്നതും വ്യക്തമാണ്.

മോഷ്ടാവ് എന്നാണ് ആദ്യം കരുതിയത് എന്നും കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ബലപ്രയോഗം മാത്രമാണ് ഞായറാഴ്ച നടന്നതെന്നുമാണ് സംഭവത്തിൽ കുത്തിയതോട് പൊലീസ് നൽകുന്ന വിശദീകരണം. കസ്റ്റഡിയിൽ എടുത്ത സമ്പത്തിനെ അന്ന് തന്നെ കുടുംബത്തെ വിളിച്ചു വരുത്തി കുടുംബത്തോടൊപ്പം പറഞ്ഞു വിട്ടു. തിങ്കളാഴ്ച പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബം പട്ടണക്കാട് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ടിഡി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *