സമാജ് വാദിപാർട്ടി MVA ബന്ധം ഉപേക്ഷിക്കുന്നു: പള്ളി തകർത്തതിനോടുള്ള ശിവസേന നിലപാടിൽ പ്രതിഷേധം
മുംബൈ: ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ശിവസേന (ഉദ്ധവ് )സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് സമാജ്‌വാദി പാർട്ടി മഹാ വികാസ് അഘാഡിയിൽ നിന്ന് രാജിവെക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അബു ആസ്മി.
മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ (എംവിഎ) ഇനി തുടരില്ലാ എന്ന് തീരുമാനിച്ചതായി ആസ്മി ഇന്ന് പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് ശിവസേന (യുബിടി) ഒരു “ഹിന്ദുത്വ അജണ്ട” സ്വീകരിച്ചുവെന്ന് അബു ആസ്മി ആരോപിച്ചു. ഇത് സഖ്യവുമായുള്ള ബന്ധം പുനഃപരിശോധിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചിരിക്കയാണ് .. ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നർവേക്കർ ബാബറി മസ്ജിദ് തകർത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിന് പിന്നാലെയാണ് സമാജ്‌വാദി പാർട്ടിയുടെ നീക്കം.
” സീറ്റ് വിഭജന സമയത്തും പിന്നീട് പ്രചാരണത്തിലും എംവിഎയിൽ ഒരു ഏകോപനവും ഉണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, ഒരു ആഭ്യന്തര യോഗത്തിൽ, ഹിന്ദുത്വ അജണ്ട തീവ്രമായി പിന്തുടരാൻ തൻ്റെ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും പറഞ്ഞു. ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിനെ അനുകൂലിച്ച് പാർട്ടി സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ഇത് ഞങ്ങൾക്ക് സഹിക്കാനാവില്ല. അതിനാൽ, എംവിഎയിൽ തുടരേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു, ”മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടി മേധാവി കൂടിയായ അബു ആസ്മി മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയിൽ സമാജ്‌വാദി പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത്.അതിലൊരാളാണ് അബുആസ്മി.മാൻഖുർഡ് ശിവാജി നഗർ മണ്ഡലത്തിൽ നിന്നും നാലാം തവണയാണ് അദ്ദേഹം എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.ഇവിടെ മുൻമന്ത്രികൂടിയായ നവാബ് മാലിക്ക് (എൻസിപി -അജിത് പവാർ ) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.