ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ ശമ്പളം: കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റ ഗഡുവായി കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിന് വേണ്ട മുന്നൊരുക്കങ്ങൾ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറുമെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍ അറിയിച്ചു. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മാസാവസാനം എത്തിയിട്ടും മെയ് മാസത്തെ രണ്ടാം ഗഡു ശമ്പളം പോലും വിതരണം ചെയ്തിട്ടില്ല. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം നടത്താൻ ഒരുങ്ങുകയാണ് ജീവനക്കാർ. ടി ഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് ചീഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു പോലും വിതരണം ചെയ്തിട്ടില്ല.
കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നു. ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യക്ഷമത അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ പരിശീലന പദ്ധതി സഹായിക്കും. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകുന്നതിന് ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ പൊതുജനങ്ങൾക്ക് ഏറെ ഗുണകരമായ ഒന്നാണ്