സജിത കൊലക്കേസ് :ചെന്താമരയ്ക്ക് ഇനി ജാമ്യമില്ല

പാലക്കാട് : പോത്തുണ്ടി ഇരട്ടകൊലപാതകത്തിലെ പ്രതി ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷൻസ് കോടതിയുടേതാണ് നടപടി. ഈ കേസിലെ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ നടപടി.സജിതയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് തന്ത്രപരമായി വീടിന്റെ പിറകുവശത്തേക്ക് എത്തിയ ചെന്താമര സജിതയെ പിന്നിൽ നിന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയിരുന്നു. ഭാര്യയും മക്കളും വീടുവിട്ടു പോകാൻ കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമാണെന്നാണ് വിശ്വസിക്കുന്നതെന്ന് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് മൊഴി നൽകിയിരുന്നു. കൊലപാതകശേഷം ഇയാൾ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പൊലീസ് പരിശോധനയിൽ പിടികൂടി.
പിന്നീട് ജയിലിൽ കിടക്കുമ്പോഴുണ്ടായിരുന്ന അടങ്ങാത്ത പകയാണ് സുധാകരന്റെയും അമ്മയുടെയും ജീവനെടുക്കാൻ ചെന്താമരയെ നയിച്ചത്. ഈ കേസിൽ മാർച്ച് 15 നു മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം.