സെയ്‌ഫ് അലി ഖാനെ കുത്തിയ സംഭവം : പിടിയിലായത് നിരപരാധി
മുംബൈ: നടൻ സെയ്‌ഫ് അലി ഖാനെ മോഷണശ്രമത്തിനിടയിൽ കുത്തി പരിക്കേൽപ്പിച്ചസംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ളയാളെ വെറുതെ വിട്ടു . ചോദ്യം ചെയ്യലിൽ അക്രമത്തിൽ ഇയാൾക്ക് പങ്കില്ല എന്ന് പൊലീസിന് വ്യക്തമായി.
നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളേറ്റിട്ടുണ്ട്. ഇതിൽ നട്ടെല്ലിനടക്കമുള്ള രണ്ടുപരിക്കുകൾ ഗുരുതരമാണ്. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി ഇന്നലെമാധ്യമങ്ങളെ അറിയിച്ചിരുന്നു.
“സെയ്ഫ് അലി ഖാൻ മെച്ചപ്പെട്ട് വരുന്നു. ഞങ്ങൾ അവനെ നടക്കാൻ പ്രേരിപ്പിച്ചു, അദ്ദേഹത്തിന് നന്നായി നടക്കാൻ കഴിയുന്നുണ്ട് . ഒരു പ്രശ്നവുമില്ല, വലിയ വേദനയുമില്ല,” ലീലാവതി ഹോസ്പിറ്റലിലെ ഡോക്ടർ നിതിൻ നാരായൺ ഡാങ്കെ ഇന്ന് മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
“ഞങ്ങൾ അദ്ദേഹത്തെ ഐസിയുവിൽ നിന്ന് ഒരു പ്രത്യേക മുറിയിലേക്ക് മാറ്റി. നട്ടെല്ലിന് പരിക്കേറ്റതിനാൽ ഒരാഴ്ചയോളം സന്ദർശകരുടെ സഞ്ചാരം നിയന്ത്രിച്ചിരിക്കുന്നു. ഇത് അണുബാധ പടരാനുള്ള സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.
സെയ്ഫ് അലിഖാനൊപ്പം ഭാര്യ കരീന കപൂറും മക്കളായ തൈമൂർ, ജെഹ് എന്നിവരും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. അക്രമി ഒരുകോടി രൂപ ആവശ്യപ്പെട്ടതായി സെയ്ഫ് അലിഖാന്റെ കുട്ടികളുടെ പരിചരണത്തിന് നിയോഗിച്ചിട്ടുള്ള മലയാളി നഴ്‌സ് ഏലിയാമ്മ ഫിലിപ്പ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.കുട്ടിയെ ആക്രമിക്കാനും ശ്രമിച്ചിരുന്നതായി അവർ പറയുന്നു. കനത്ത സുരക്ഷയുള്ള കെട്ടിടത്തിൽ പ്രവേശിക്കാൻ മോഷ്ട്ടാവിനു അകത്തുനിന്നും ആരുടെ എങ്കിലും സഹായം ലഭിച്ചോ എന്ന സംശയത്തിൽ പോലീസ് പലരെയും ചോദ്യചെയ്തു വരികയാണ്.
പ്രതിയെ കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട 20 സംഘമാണ് അന്വേഷണം നടത്തുന്നത്.