സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ
മുംബൈ: നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ യഥാർഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റൊറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായും താനെയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി. വെയ്റ്ററായും കെട്ടിട നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്.
മെട്രോ നിർമാണ സ്ഥലത്തിനടുത്തുള്ള ടിസിഎസ് കോൾ സെന്ററിന് പിന്നിലുള്ള ഒരു ലേബർ ക്യാമ്പിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്പതിന് മുംബൈ പൊലീസ് വാർത്താ സമ്മേളനം നടത്തും. ബാന്ദ്രയിലെ സത്ഗുരു ശരൺ ബിൽഡിംഗിലെ പന്ത്രണ്ടാം നിലയിലുള്ള താമസസ്ഥലത്തുവച്ച് വ്യാഴാഴ്ച പുലർച്ചെയാണ് നടന് കുത്തേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫിനെ കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേകവാർഡിലേക്ക് മാറ്റിയിരുന്നു.