സഹജീവനം സ്‌നേഹഗ്രാമം’ പദ്ധതി ഇങ്ങനെ

0

 

കാസർഗോഡ്: സംസ്ഥാന സര്‍ക്കാറിന്റെ മാതൃകാ പദ്ധതിയായി സാമൂഹിക നീതി വകുപ്പ് വിഭാവനം ചെയ്ത എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ‘സഹജീവനം സ്‌നേഹഗ്രാമം’ ഉദ്ഘാടനം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനം പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായി.

2022 മെയില്‍ നിര്‍മ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമ പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കിയിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. നാല് പ്രധാന ഭാഗങ്ങള്‍/ ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. 25 ഏക്കര്‍ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയത്.

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കാനുള്ള ഫോസ്റ്റര്‍ കെയര്‍ ഹോമാണ് ആദ്യത്തേത്. 18-20 വയസ്സില്‍ താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്നുള്ള പരിചരണം അത്യാവശ്യമാണെന്ന ബോധ്യത്തില്‍ ആ ചുറ്റുപാട് സൃഷ്ടിക്കാനാണ് ഈ ഘടകം. അഞ്ച് ബെഡ് റൂം ഉള്ള നാലു വാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ടോയിലറ്റ്, പൂന്തോട്ടം മുതലായവയാണ് ഫോസ്റ്റര്‍ കെയര്‍ ഹോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 18 വയസ്സിനു മുകളില്‍ പ്രായമുള്ള പത്തു പന്ത്രണ്ടു പേര്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന അസിസ്റ്റീവ് ലിവിങ് ഫോര്‍ അഡള്‍ട്ട്‌സ് ആണ് രണ്ടാം ഘടകം. ഇത്തരം പത്തു യൂണിറ്റുകളുണ്ടാവും. യൂണിറ്റുകളില്‍ അടുക്കള, റിക്രിയേഷന്‍ റൂം, ലൈബ്രറി, വൊക്കേഷണല്‍ ഫെസിലിറ്റി, പൂന്തോട്ടം, ഫിസിയോ തെറാപ്പി സെന്റര്‍, ജോബ് കോച്ച് സെന്റര്‍ എന്നിവയാണ് ഒരുക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് പെട്ടെന്നുള്ള താമസ സൗകര്യമാറ്റവും പുതിയ ആള്‍ക്കാരുമായിട്ടുള്ള സമ്പര്‍ക്കവും മോശമായ അവസ്ഥയും ഒഴിവാക്കാനുള്ള ഹാഫ് വേ ഹോംസ് ഫോര്‍ അസിസ്റ്റഡ് ലിവിംഗ് ഫോര്‍ അഡള്‍ട്ട്‌സ് ആണ് മൂന്നാമത്തെ ഘടകം.

സ്വയം ചലിക്കാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ ഡിപ്പന്റന്‍സി കെയര്‍ ഫോര്‍ ടോട്ടലി ബെഡ് റിഡണ്‍ എന്ന നാലാം ഘടകം. കാസര്‍കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്താവും പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തി വിപുലീകരണം ഉള്‍പ്പെട്ട രണ്ടാംഘട്ടം. ഭിന്നശേഷി നേരത്തെ കണ്ടെത്തി ആവശ്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് സഹായകമായ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ഈ ഘട്ടത്തില്‍ കൊണ്ടുവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *