ശബരിമല യാത്രയ്ക്ക് പ്രത്യേക ട്രെയിന്‍: ഹുബ്ബള്ളി– കോട്ടയം സ്പെഷ്യൽ 19 മുതൽ
ബെംഗളൂരു: ശബരിമല തീര്‍ത്ഥാടന യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ഈമാസം 19 മുതല്‍ ജനുവരി 14വരെ ഒമ്പത് സര്‍വീസുകള്‍ പ്രത്യേകമായി ഉണ്ടാകും. എസ്എസ്എസ് ഹുബ്ബള്ളി- കോട്ടയം-എസ്എസ്എസ് ഹുബ്ബള്ളി പ്രതിവാര പ്രത്യേക ട്രെയിനാണ് സര്‍വീസ് നടത്തുന്നത്.
ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് നവംബർ 19 മുതൽ ജനുവരി 15 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത്നിന്ന് ഹുബ്ബള്ളിയിലേക്ക് നവംബർ 20 മുതൽ ജനുവരി 15 വരെ ബുധനാഴ്ചകളിലുമാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 2 എസി ടു ടയർ, 2 എസിത്രീടയർ, 6 സ്ലീപ്പർ, 6 ജനറൽ കോച്ചുകളുള്ള ട്രെയിനിന്റെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
എസ്എസ്എസ് ഹുബ്ബള്ളിയില്‍ നിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12ന് കോട്ടയത്തെത്തും. തിരിച്ച് കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് ഹുബ്ബള്ളിയിലെത്തും.
ഹാവേരി, റണെബെന്നുര്‍, ഹരിഹര്‍, ദാവണഗെരെ, ബിരുര്‍, അര്‍സിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്എംവിടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും