‘ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്’: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

0

 

തിരുവനന്തപുരം∙  ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും സ്പോട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ.വാസവനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്തയച്ചു.ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങിനെക്കുറിച്ച് അറിയില്ല.

41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്‍ മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വര്‍ഷം 90000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്‌പോട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേര്‍ക്ക് ദശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന കാര്യവും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *