‘ശബരിമല തീർഥാടനം അലങ്കോലപ്പെടുത്താൻ നീക്കം; അപകടമാണ് സര്‍ക്കാര്‍ ചെയ്യുന്നത്’
തിരുവനന്തപുരം∙ ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള നീക്കമാണു നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്‌പോട് ബുക്കിങ് ഒഴിവാക്കി പ്രതിദിനം 80,000 തീര്‍ഥാടകർക്കു മാത്രമായി ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശനം നിജയപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കഴിഞ്ഞ തവണ 90,000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങും 10,000 പേര്‍ക്ക് സ്‌പോട് ബുക്കിങ്ങും നല്‍കിയിട്ടും പലര്‍ക്കും പന്തളത്തു വന്ന് മാലയൂരി തിരികെ പോകേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇവിടെ വരുമ്പോഴാണ് ഓണ്‍ലൈന്‍ ബുക്കിങ് മാത്രമേ ഉള്ളൂ എന്ന് അറിയുന്നത്. അവര്‍ക്ക് തിരിച്ചു പോകേണ്ടിവരും. അപകടമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തീര്‍ഥാടനം ഗുരുതര പ്രതിസന്ധിയിലേക്കു പോകും. മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനത്തിനു സൗകര്യം ഒരുക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പിന്മാറുന്നതെന്നും സതീശന്‍ പറഞ്ഞു.