ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കും. ഇടവമാസ പൂജകള്‍ക്കും പ്രതിഷ്ഠാ ദിനാഘോഷത്തിനുമായി ശബരിമല നട വൈകീട്ട് അഞ്ചിനാണ് തുറക്കുന്നത്. ഇടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. മാളികപ്പുറത്ത് മേല്‍ശാന്തി പി.എന്‍. മുരളി നമ്പൂതിരി നടതുറക്കും.
നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതി സേവ ഉൾപ്പെടെയുണ്ടാകും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്‌ക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലായുള്ള മഹാ ആഴിയിലേക്ക് അഗ്‌നി പകരും. ഇതോടെ അയ്യപ്പഭക്തര്‍ പടി ചവിട്ടി ദര്‍ശനം നടത്തും. 15ന് പുലര്‍ച്ചെ പതിവ് പൂജകളും അഭിഷേകവും നെയ്യഭിഷേകവും ആരംഭിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നട അടയ്‌ക്കും.
അതേസമയം, ശബരിമല മാസപൂജയ്‌ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഇടവമാസ പൂജയുടെ പശ്ചാത്തലത്തിൽ പമ്പ, കൊച്ചുപമ്പ ഡാമുകൾ തുറന്നുവിടാൻ കക്കാട്, സീതത്തോട് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷണൻ ഉത്തരവായി. ഇന്നലെ രാവിലെ ആറുമുതൽ 19 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റർ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റർ ഉയരാനുള്ള സാധ്യതയുള്ളതിനാൽ വൃഷ്ടിപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്