ശബരിമലയിൽ യാതൊരു ഡ്രസ് കോഡും ഇല്ല: പി എസ് പ്രശാന്ത്
പത്തനംതിട്ട: ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കുന്നതിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇക്കാര്യത്തിൽ മറ്റ് ദേവസ്വങ്ങളിൽ അഭിപ്രായസ്വരൂപീകരണം നടത്തുമെന്നും സർക്കാർ ചോദിച്ചാൽ ഇക്കാര്യത്തിൽ മറുപടി പറയുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനനയുടെ നിലപാടാണ് മേൽവസ്ത്ര വിഷയം ചർച്ചയാക്കിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി എസ് പ്രശാന്ത്. ശബരിമലയിൽ ഡ്രസ് കോഡ് ഇല്ല. പക്ഷെ എല്ലാ ക്ഷേത്രങ്ങളുടെയും കാര്യം അങ്ങനെയല്ല. പല ക്ഷേത്രങ്ങളിൽ പല ആചാരണങ്ങളാണ്. അവയനുസരിച്ചാണ് അവർ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ എല്ലാ ദേവസ്വങ്ങളുമായി ചേർന്ന് ഒരു അഭിപ്രായ സ്വരൂപീകരണം തേടാമെന്നും തങ്ങളോട് ചോദിച്ചാൽ തീർച്ചയായും അഭിപ്രായം പറയുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുക എന്നത് അനാചാരമാണ് എന്നായിരുന്നു സച്ചിദാനന്ദ സ്വാമികളുടെ വാക്കുകൾ. പൂണൂൽ കാണാനാണ് പഴയകാലത്ത് ഈ ആചാരം തുടങ്ങിയത്. ഇപ്പോഴും പല ക്ഷേത്രങ്ങളിൽ ഈ നിബന്ധന തുടരുന്നുവെന്നും അത് തിരുത്തണം എന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാട് എന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞിരുന്നു.