ശബരിമലയിൽ തത്സമയ ഓൺലൈൻ ബുക്കിങ്, 3 കൗണ്ടറുകൾ; 10,000 ഭക്തർക്ക് ദർശന സൗകര്യം

0

 

പത്തനംതിട്ട∙  ശബരിമല ദർശനത്തിന് തത്സമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്തർക്ക് ദർശന സൗകര്യമൊരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ഉൾപ്പെടെ ആകെ 80,000 ഭക്തർക്ക് ഒരു ദിവസം ദർശന സൗകര്യമുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. തത്സമയ ബുക്കിങ്ങിനു സത്രം (വണ്ടിപ്പെരിയാർ), എരുമേലി, പമ്പ എന്നീ 3 കേന്ദ്രങ്ങളിൽ കൗണ്ടറുകൾ ക്രമീകരിക്കും.  ബുക്ക് ചെയ്യുന്ന എല്ലാവർക്കും പ്രീമിയമില്ലാതെ 5 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ദേവസ്വം ബോർഡ് ലഭ്യമാക്കും.  എല്ലാ ഭക്തരും ആധാർ കാർഡിന്റെ കോപ്പി കരുതണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

മണ്ഡല കാലത്തെ ദർശന സമയം മുൻ വർഷങ്ങളിലേതു പോലെ 18 മണിക്കൂറായിരിക്കും. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ച കഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും. നിലയ്ക്കലിൽ 2000 വാഹനങ്ങൾക്ക് അധികമായി പാർക്കിങ് സൗകര്യമൊരുക്കും. പമ്പയിൽ 5 പുതിയ നടപ്പന്തലുകൾ (3 സ്ഥിരം, 2 താൽക്കാലികം) പൂർത്തിയാക്കും. കാണിക്കയായി ലഭിക്കുന്ന നാണയം എണ്ണാൻ ദിവസ വേതനാടിസ്ഥാനത്തിൽ 100 പേരെ ചുമതലപ്പെടുത്തും. അരവണ ഇപ്പോൾ 6 ലക്ഷം ടിൻ കരുതൽ ശേഖരമായി ഉണ്ടെന്നും, മണ്ഡലകാലമാകുമ്പോൾ ഇത് 45 ലക്ഷമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *