ശബരിമല മണ്ഡലകാലം: അഞ്ച് ദിവസത്തിൽ അഞ്ച് കോടിയുടെ വരുമാന വർധന
ശബരിമല മണ്ഡലകാലത്തിന്‍റെ ആദ്യ അഞ്ച് ദിവസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വൻവർധന. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ് ദേവസ്വം ബോർഡിന്‍റെ അനൗദ്യോഗിക കണക്ക്. തീർഥാടകരുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ഈ സീസണിൽ ശബരിമലയിൽ എത്തിയത്. വൃശ്ചികം ഒന്ന് മുതൽ അഞ്ച് ദിവസത്തിൽ 3,17,923 പേര്‍ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് രണ്ട് ലക്ഷത്തോളമായിരുന്നു. തിരക്ക് തുടരുമ്പോഴും തീർഥാടകർക്ക് സുഗമമായി ദർശനം നടത്താൻ കഴിയുന്നത് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങളുടെയും ക്രമീകരണങ്ങളുടെയും വിജയമാണെന്ന് അധികൃതർ പറഞ്ഞു.